ആന പിണങ്ങി, എരുമേലി വിറച്ചു ..ഒടുവിൽ തളച്ചു..

ആന പിണങ്ങി, എരുമേലി വിറച്ചു ..ഒടുവിൽ തളച്ചു..

എരുമേലിയെ പരിഭ്രാന്തിയിലാക്കികൊണ്ടു പാപ്പാനോട് പിണങ്ങി ആനയോടിയത് അഞ്ചു കിലോമീറ്റര്‍ ; അപകടകാരിയായ ആന മുൻപും നാട്ടുകാരെ വിറപ്പിച്ചിട്ടുണ്ട്.. പാപ്പാനെ കുത്തിയിട്ടുമുണ്ട്.. മയക്കുവെടി വയ്ക്കുവാൻ ആളെത്തിയിരുന്നു.. ഒടുവിൽ ഉടമയും,പാപ്പാനും ചേർന്ന് ആനയെ തളച്ചു ..

എരുമേലി: പാപ്പാനോട് പിണങ്ങിയ ആന പറമ്പുകളും,പുഴയും കടന്നോടിയത് അഞ്ചുകിലോമീറ്ററോളം. എ​രു​മേ​ലി തേ​ക്കും​തോ​ട്ടം സലിമിന്റെ മീ​ര എന്ന പിടിയാനയാണ് മൂന്നു മണിക്കൂറോളം എരുമേലിയെ വിറപ്പിച്ചത്.

സ്‌കൂളുകള്‍ വിടുന്ന സമയമല്ലാഞ്ഞതിനാലും, അയ്യപ്പഭക്തരുടെ തിരക്കനുഭവപ്പെടുന്ന റോഡിലേയ്ക്ക് ആനയിറങ്ങാഞ്ഞതും പരിഭ്രാന്തി കുറച്ചു. മൂന്ന് മണിക്കൂറിന്റെ ഓട്ടത്തിനൊടുവിൽ മണിമലയാറിന്റെ മറുകരയിൽ കുറുവാമൂഴി കൊരങ്ങാടി ഭാഗത്ത് ആനയെ തളച്ചു.

എരുമേലി സ്വദേശി സലിമിന്റെ ആനയാണ് എരുമേലി-കൊരട്ടി പാതയിൽ ചെമ്പകത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നും പിണങ്ങിയോടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായണ് സംഭവം. ചെമ്പകത്തുങ്കൽ പാലത്തിൽ നിന്നും ഉള്‍പ്രദേശ റോഡിലൂടെ ഓടിയ ആന ഓരുങ്കൽ കടവിന് സമീപം മണിമലയാറ്റിലെത്തി നിലയുറപ്പിച്ചു.

ആനയ്ക്ക് പുറകെ പോലീസും, പാപ്പാനും, നാട്ടുകാരും ഓടി. ആറ് കുറുകെ കടന്നു ആന കുറുവാമൂഴി ഭാഗത്ത് കൊരങ്ങാടി ഭാഗത്ത് നിലയുറപ്പിയ്ക്കുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡിലെ ഡോക്ടര്‍ ബിനു ഗോപിനാഥ് സ്ഥലത്തെത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നത് അപകടകരമാണെന്നു കണ്ടതിനെ തുടര്‍ന്നു ശ്രമം ഉപേക്ഷിക്കുകയായിരുന്നു . ഉടമയും,പാപ്പാനും ചേര്‍ന്നാണ് ആനയെ തളച്ചത്.

ഇതേ ആന മുന്‍പും പലതവണ നാട്ടുകാരെ പരിഭ്രാന്തിയിലാഴ്തി ഓടിയിട്ടുണ്ട്. പാപ്പാന്‍മാരെ കുത്തി പരിക്കേൽ പിച്ച സംഭവവുമുണ്ടായിട്ടുണ്ട് . തീര്‍ഥാടനകാല ക്രമീകരണങ്ങള്‍ക്ക് വേണ്ടത്ര പോലീസില്ലാത്ത സാഹചര്യത്തിലാണ് എരുമേലിയിൽ നിലവിലുള്ള പോലീസിന് മണിക്കൂറുകളോളം ആന’പണി’ കൊടുത്തത്.