എലിക്കുളം എംജിഎം യുപി സ്കൂളിന്റെ പുതിയ മന്ദിരോദ്ഘാടനം

പൊൻകുന്നം: എലിക്കുളം എംജിഎം യുപി സ്കൂളിന് സി.പി. നാരായണൻ എംപിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ടു പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനത്തിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. മാനേജർ എം.ജി. മോഹനകുമാർ അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി, ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ഡൈനി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സാജൻ തൊടുക, എലിക്കുളം പഞ്ചായത്തംഗം അഖിൽകുമാർ, ഡിഇഒ സി.എൻ. തങ്കച്ചൻ, വിവിധ ബാങ്ക് പ്രസിഡന്റുമാരായ പി.എ. സെബാസ്റ്റ്യൻ, എസ്. ഷാജി, പ്രഫ. എം.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.

എട്ടു ലക്ഷം രൂപ മുടക്കി നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിൽ ശീതീകരിച്ച രണ്ട് സ്മാർട്ട് ക്ലാസ് മുറികളാണ് സജ്‌ജീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗണിതപഠനം അനായാസമാക്കുന്നതിനായി ഗണിതശാസ്ത്രജ്‌ഞൻ പള്ളിയറ ശ്രീധരന്റെ നിർദേശപ്രകാരം ഗണിതലാബും സ്കൂളിൽ തയാറാക്കിവരുന്നു. ഇംഗ്ലീഷ് പഠന പ്രോത്സാഹനത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും നടത്തുന്നുണ്ട്. ധാർമിക മൂല്യങ്ങൾ ഉയർത്തി ഉത്തമ പൗരന്മാരാക്കി കുട്ടികളെ വാർത്തെടുക്കുന്നതിനുള്ള പരിശീലന പരിപാടികളും സ്കൂളിൽ നടന്നുവരുന്നു.

പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ എം.ജി. മോഹൻകുമാർ, എൻഎസ്എസ് കരയോഗം വൈസ് പ്രസിഡന്റ് ശ്രീജിത്ത് വലിയമുണ്ടക്കൽ, ഹെഡ്മാസ്റ്റർ പി.എൻ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.