എരുമേലിയിൽ നടുറോഡിൽ യുവാവിന്റെ കൈ തല്ലിയൊടിച്ചു; ദൃശ്യങ്ങൾ സി സി ടിവിയിൽ

എരുമേലിയിൽ നടുറോഡിൽ യുവാവിന്റെ കൈ തല്ലിയൊടിച്ചു; ദൃശ്യങ്ങൾ സി സി ടിവിയിൽ

എരുമേലി : എരുമേലി പട്ടണത്തിന്റെ നടുവിൽ ഒരു സംഘം ആളുകൾ, പൊതുജനത്തിന്റെ മുൻപിലിട്ടു നടുറോഡിൽ കാർ തടഞ്ഞു നിർത്തി യുവാവിന്റെ കൈ തല്ലിയൊടിച്ചു; ആക്രമണത്തിന്റെ ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞു. എരുമേലി മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ അൻസാരി പാടിക്കലിനാണ് മർദനമേറ്റത്, അൻസാരിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു ദിവസമായി പട്ടണത്തിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമായിയാണ് ആക്രമണം നടന്നത് എന്നറിയുന്നു.

ബുധൻ രാത്രിയാണു സംഭവം. രാത്രി നമസ്കാരത്തിന് അൻസാരിയും സുഹൃത്ത് പഴയതാവളം ഫൈസലും കാറിൽ പട്ടണത്തിലേക്കു വരുമ്പോൾ ഫെഡറൽ ബാങ്ക് എടിഎമ്മിനു മുൻപിലാണ് ആക്രമണം. വണ്ടിക്ക് കൈകാണിച്ചപ്പോൾ അൻസാരി ഡോർ തുറന്നു. ഇതിനിടെ കമ്പിവടി കൊണ്ട് അടിച്ചെന്നു ഫൈസൽ പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ അനങ്ങാനായില്ല. വയറിന് കുത്തേറ്റെങ്കിലും സാരമുള്ളതല്ലെന്ന് അൻസാരി പറഞ്ഞു. തന്നെ കൊല്ലാൻ ചിലർ ആക്രോശിച്ചെന്നും അൻസാരി പറഞ്ഞു.

ഇതിനിടെ അൻസാരിയുടെ പിതാവ് മനാഫിന്റെ കടയ്ക്കു നേരെയും ആക്രമണം നടന്നതായി ആരോപണമുണ്ട്. വെള്ളം നിറച്ച കുപ്പി ഏറിൽ ഭാര്യ സൈനബിക്കു പരുക്കേറ്റെന്ന് മനാഫ് ആരോപിച്ചു. സൈനബി മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ചികിൽസയിലാണ്.

മൂന്നു ദിവസം മുൻപ് പട്ടണത്തിൽ ആക്രമണം നടന്നിരുന്നു. ഇതിന്റെ പ്രത്യാക്രമണമാണ് ബുധനാഴ്ച രാത്രി നടന്നതെന്ന് അറിയുന്നു. ബുധനാഴ്ചത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിഐ: ടി.ഡി.സുനിൽകുമാർ അന്വേഷണം തുടങ്ങി.