പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന്

പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന്

എരുമേലി: ഇന്ന് എരുമേലിയിൽ രാത്രി പകലാകും. പാതയോരങ്ങളിൽ രാവേറുംവരെ കാത്തിരുക്കുന്ന ജനാവലി വർണ, താള വിസ്മയങ്ങളിൽ അലിഞ്ഞുചേരും ..ആയിരങ്ങൾ ആഹ്ലാദത്തിമർപ്പിൽ മതിമറക്കും.. ഇന്നാണ് ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം…

ഇന്നു വൈകിട്ട് ഏഴിനാണ് എരുമേലി മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കുക. ചടങ്ങിനു മുന്നോടിയായി നൈനാർ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ നളെ നടക്കും. ഉച്ചയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്തു പറക്കുമ്പോൾ അമ്പലപ്പുഴ സംഘത്തിന്റെ തുള്ളൽ തുടങ്ങും. ഭഗവത് സാന്നിധ്യം ആവാഹിച്ച, തിടമ്പേറ്റിയ ഗജവീരനൊപ്പം അമ്പലപ്പുഴ സംഘം വാവരുസ്വാമിയെ ദർശിക്കാൻ നൈനാർ മസ്ജിദിൽ പ്രവേശിക്കും. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും ജമാഅത്ത് പ്രസിഡന്റ് പി.എ.ഇർഷാദിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം തുടർന്നു വലിയമ്പലത്തിലേക്കു പോകും.

ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം കാണുമ്പോൾ ആലങ്ങാട് സംഘത്തിന്റെ തുള്ളൽ ആരംഭിക്കും. വെള്ളവസ്ത്രമണിഞ്ഞു ശരീരമാകെ കളഭം ചാർത്തിയാണു സംഘം തുള്ളൽ നടത്തുന്നത്. പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഗജവീരൻമാർ, കൊടി, ഗോളക, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണു തുള്ളൽ. ആലങ്ങാട് സംഘം രണ്ടായാണു തുള്ളൽ നടത്തുക.

LINKS