എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തിൽ ആറാട്ട് നടന്നു

എരുമേലി: കൊരട്ടി ആറാട്ടുകടവില്‍നിന്നും ആറാടിയെത്തിയ എരുമേലി ധര്‍മശാസ്താവിന് വിശ്വാസികള്‍ ദീപക്കാഴ്ചയും താലപ്പൊലിയുമായി ഭക്തിനിര്‍ഭരമായ വരവേല്പുനല്കി. വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ച കടകള്‍ക്ക് മുന്‍പില്‍ നിലവിളക്കുകളും മണ്‍ചിരാതുകളും പ്രഭചൊരിഞ്ഞു. താലപ്പൊലികളും എടുപ്പുവിളക്കുകളും പരുന്താട്ടവും പ്രാചീനകലാരൂപങ്ങളും ദേവനൃത്തവും നിറഞ്ഞ് വര്‍ണ്ണാഭവും ഭക്തിസാന്ദ്രവുമായിരുന്നു എതിരേല്പു ഘോഷയാത്ര.

എരുമേലി ധര്‍മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനമായി ബുധനാഴ്ച നടന്ന ആറാട്ടുത്സവത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഉച്ചകഴിഞ്ഞ് 3.30നാണ് എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നു ഭഗവത്‌ചൈതന്യവുമായി ആറാട്ടിന് പുറപ്പെട്ടത്.

മണിമലയാറ്റിലെ കൊരട്ടി ആറാട്ട് കടവിലായിരുന്നു ആറാട്ടിനുശേഷം ദീപാരാധന. മൂന്ന് ആനകളുടെ അകമ്പടിയില്‍ ആറാട്ട് തിരിച്ചെഴുന്നള്ളിപ്പിന് കൊരട്ടിയിലും, ചെമ്പകത്തുങ്കല്‍ പാലം ജങ്ഷനിലും, എരുമേലി പേട്ടക്കവലയിലും കൊച്ചമ്പലത്തിലും വലിയമ്പല ഗോപുരത്തിലും ഒരുക്കിയ സ്വീകരണം ഭക്തി നിര്‍ഭരമായി. കനകപ്പലം ശ്രീനിപുരം എരുമേലി വയലാപ്പറമ്പ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍നിന്നും താലപ്പൊലി േഘാഷയാത്രയോടെയാണ് ആറാടിയെത്തിയ ഭഗവാനെ എതിരേറ്റത്.

ധര്‍മശാസ്താക്ഷേത്ര നടപ്പന്തലില്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ കെ.ജി.മുരളീധരന്‍ നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ പത്മനാഭനുണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വരവേല്പു നല്കി. ഉത്സവ ചടങ്ങുകള്‍ക്ക് തന്ത്രിയുടെ പ്രതിനിധി പ്രതീഷ് ഭട്ടതിരി, ക്ഷേത്രം മേല്‍ശാന്തി ജയരാജന്‍ നമ്പൂതിരി തുടങ്ങയവര്‍ കാര്‍മികത്വംവഹിച്ചു. എരുമേലി പേട്ടക്കവലയില്‍ ജമാഅത്തിന് വേണ്ടി സി.യു. അബ്ദുള്‍കരീം, പഞ്ചായത്തിനുവേണ്ടി ഗ്രാമപ്പഞ്ചായത്തംഗം കെ.ആര്‍.അജേഷ്, അസിസ്റ്റന്റ് സെക്രട്ടറി എം.എന്‍.വിജയന്‍, സൂപ്രണ്ട് വിജയന്‍ തുടങ്ങിയവര്‍ ആറാട്ടുവരവിനു സ്വീകരണംനല്കി.