എരുമേലിയിലെ സ്വർണ പണയ തട്ടിപ്പ് : ഏഴ് പ്രതികൾ ..രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

എരുമേലിയിലെ സ്വർണ പണയ  തട്ടിപ്പ് :  ഏഴ് പ്രതികൾ ..രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

എരുമേലിയിലെ ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണ പണയ തട്ടിപ്പുമായി ബന്ധപെട്ടു ഏഴ് പ്രതികൾ ഉണ്ടെന്നു പോലീസ് അറിയിച്ചു. അതിൽ മുഖ്യ പ്രതിയായ ജീവനക്കാരിയും ഒരു യുവാവും അറസ്റ്റിലായി. മറ്റൊരു പ്രതി ചോദ്യം ചെയ്യലിനിടെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ..അയൽവാസിയായ യുവാവ് മുഖേനെ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് മുഖ്യപ്രതി വെളിപ്പെടുത്തി. .

എരുമേലി : എരുമേലിയിലെ വിവാദമായ സ്വർണ പണയ കേസിൽ മുഖ്യ പ്രതിയായ ജീവനക്കാരി പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സ്വർണപ്പണയശാലയിൽ ജോലി ചെയ്യുന്നതിനിടെ ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിൽ പോയ പ്രതി ജെസ്‌ന യാണ് കീഴടങ്ങിയത്. ഇവരിൽ നിന്നും പലിശക്ക് പണം വാങ്ങിയവരിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനിടെ രക്തസമ്മർദ്ദം കൂടി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരി ഉൾപ്പടെ ഏഴ് പ്രതികളാണ് ഉളളതെന്ന് പോലിസ് പറഞ്ഞു. കോഴഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിയേഴ്സിൻറ്റെ എരുമേലിയിലെ ഒരു ശാഖയിലാണ് തട്ടിപ്പ് നടന്നത് . സംഭവത്തിൽ ഒളിവിൽ പോയ ശാഖയിലെ കാഷ്യർ കം ഓഫിസ് അസിസ്റ്റൻറ്റ് ആയിരുന്ന കനകപ്പലം അലങ്കാരത്ത് വീട്ടിൽ ജെസ്‌ന സലിം (34) ആണ് അറസ്റ്റിലായത്. ബന്ധുക്കളോടൊപ്പമെത്തി ഇവർ കീഴടങ്ങുകയായിരുന്നെന്ന് പറയുന്നു. ജീവനക്കാരിയിൽ നിന്നും പണം കടം വാങ്ങിയ എരുമേലി ടൗണിലെ പച്ചക്കറി വ്യാപാരി വേങ്ങശേരിൽ അബൂതാഹിർ (25) ആണ് ഒപ്പം അറസ്റ്റിലായത്.

ടൗണിലെ മറ്റൊരു പച്ചക്കറി വ്യാപാരിയായ ഷാജി ചോദ്യം ചെയ്യലിനിടെ ശാരീരിക അസാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരി കുറ്റം സമ്മതിച്ചെന്നും തട്ടിപ്പിന് ഇവരെ സഹായിക്കുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്ത മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.

ജീവനക്കാരി നടത്തിയ തട്ടിപ്പിനെപ്പറ്റി പോലിസ് പറഞ്ഞത് ഇങ്ങനെ. ഇടപാടുകാർ പണയം തിരിച്ചെടുക്കുമ്പോൾ രേഖയിൽ കൃത്രിമം കാട്ടിയ ശേഷം പലിശ മാത്രം അടച്ച് ബാക്കി തുക കൈക്കലാക്കും. പലിശ അടയ്ക്കാതെയും പുതുക്കി വെക്കാത്തതുമായ സ്വർണ പണയങ്ങൾക്ക് പലിശ അടച്ച് പുതുക്കി വെച്ചതായും രേഖയുണ്ടാക്കും. ഇങ്ങനെ തട്ടിപ്പ് നടത്തുന്നത് പിടിക്കപ്പെടാതിരിക്കാനായി വ്യാജ ആഭരണങ്ങൾ, നാണയതുട്ടുകൾ, സ്റ്റാപ്ലെയർ, സേഫ്റ്റി പിന്നുകൾ, വസ്ത്രങ്ങളിലെ സിപ് എന്നിവയാണ് സ്വർണത്തിന് പകരമായി പണയ പായ്ക്കറ്റുകളിൽ വെച്ചിരുന്നത്.

തട്ടിപ്പിലൂടെ കൈക്കലാക്കിയ സ്വർണം ഇതേ സ്ഥാപനത്തിലും മറ്റ് സ്ഥാപനങ്ങളിലെയും സുഹൃത്തുക്കൾ മുഖേനെ പണയം വെച്ചാണ് പണം പലിശ വ്യവസ്ഥയിൽ കടം കൊടുത്തിരുന്നത്. സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം ജീവനക്കാരി ചെറിയ തോതിൽ നടത്തിയ തിരിമറികൾ തുടർച്ചയായി നടത്തിയതാണ് തുക ഒന്നരക്കോടിയോളമെത്തിയത്. ഏറെ അടുപ്പമുണ്ടായിരുന്ന അയൽവാസിയായ യുവാവ് മുഖേനെ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് പ്രതി മൊഴി നൽകിയെന്ന് പോലിസ് പറഞ്ഞു. ഈ യുവാവിൻറ്റെ സഹോദരിയുടെ വിവാഹത്തിനായാണ് അരക്കോടി രൂപ നൽകിയത്. ഇയാൾ ഒളിവിലാണ്.

ഈരാറ്റുപേട്ട, എരുമേലി, ചരള സ്വദേശികളാണ് മറ്റ് പ്രതികൾ. പണവും സ്വർണവും ഉൾപ്പടെ 90 ലക്ഷം രൂപയുടെ തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് മുഖ്യപ്രതി സമ്മതിച്ചിട്ടുളളതെന്ന് പറയുന്നു. സഹപ്രവർത്തകർക്കും വായ്പ നൽകിയിട്ടുണ്ടെന്ന് പറയുന്നു.

തട്ടിപ്പുമായി ബന്ധമില്ലെന്നും വീട് പണിക്ക് വേണ്ടി 1.30 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇതിൽ കുറച്ചു പണം ജീവനക്കാരിക്ക് തിരികെ നൽകിയെന്നും അറസ്റ്റിലായ പ്രതി അബൂതാഹിർ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പോലിസിനോട് പറഞ്ഞു. ഇയാൾ ഏഴ് ലക്ഷം രൂപ വാങ്ങിയെന്നാണ് ജീവനക്കാരിയുടെ മൊഴി. ഏഴ് വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരി മൂന്ന് വർഷമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു.