ശബരിമലയിലെ നിയന്ത്രണനങ്ങൾക്കു അയവുവന്നതോടെ എരുമേലിയിൽ തിരക്കേറിത്തുടങ്ങി

ശബരിമലയിലെ നിയന്ത്രണനങ്ങൾക്കു അയവുവന്നതോടെ എരുമേലിയിൽ തിരക്കേറിത്തുടങ്ങി

എരുമേലി : ശബരിമലയിലെ നിയന്ത്രണനങ്ങൾക്കു അയവുവന്നതോടെ എരുമേലിയിലും തിരക്കേറിത്തുടങ്ങി . ഇടവേളയ്ക്കു ശേഷം വീണ്ടും മുഖരിതമായ ചെണ്ടയുടെ മുഴങ്ങുന്ന ശബ്ദം എരുമേലിയിലെ വ്യാപാരികൾക്ക് മധുരസംഗീതമായാണ് തോന്നിയത്. വിവിധ കാരണങ്ങളാൽ തീർത്ഥാടകരുടെ വരവിൽ ഗണ്യമായ കുറവുണ്ടായതോടെ എരുമേലിയിലെ മണ്ഡലകാല വ്യാപാരം വൻതകർച്ചയെ മുൻപിൽ കണ്ടിരുന്നു. എരുമേലിയിൽ വീണ്ടും തീർത്ഥാടകരുടെ തിരക്ക് തുടങ്ങിയതോടെ നിരാശയിലാണ്ടിരുന്ന വ്യാപാരികളുടെ മനസ്സിൽ ആശ്വാസ പൂനിലാമഴ പെയിതിറങ്ങി .

വിജനമായിരുന്ന പേട്ടതുള്ളൽ പാതയിൽ ഇന്നലെ തുടരെ ചെണ്ടയടിമേളങ്ങൾ. സ്വാമിതിന്തകത്തോം വിളികളും വാദ്യമേളങ്ങളുമായി എരുമേലി ടൗൺ പട്ടണത്തിന്റെ പ്രതീതിയിലായി. പേട്ടതുള്ളൽ തിരക്കിൽ ഇടയ്ക്കിടെ ഗതാഗത സ്തംഭനം തുടർന്നതോടെ പോയകാലത്തെ ശബരിമല സീസണിന്റെ പരിവേഷം തിരിച്ചെത്തിയതുപോലെ. വരും ദിവസങ്ങളിൽ തിരക്കേറുമെന്ന സൂചനകൾ കണ്ടതിന്റെ സന്തോഷത്തിലാണ് വ്യാപാരികൾ.

സുപ്രീം കോടതി വിധിയും യുവതീ പ്രവേശനത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളും തമിഴ് നാട്ടിലെ ഗജ ചുഴലിക്കാറ്റും ഇത്തവണത്തെ ശബരിമല സീസണിനെ പ്രതികൂലമാക്കിയിരുന്നു. എന്നാൽ പ്രശ്നങ്ങളൊഴിഞ്ഞു തുടങ്ങിയതോടെ തീർത്ഥാടകരുടെ വരവിൽ കാര്യമായ വർദ്ധനവ് കണ്ടുതുടങ്ങിയിരിക്കുകയാണ് ഇപ്പോൾ.