എരുമേലിയിൽ പോലീസ് നിയന്ത്രണം കർശനമാക്കി, ഭക്തരും പോലീസും തമ്മിൽ സംഘർഷം : ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലം

എരുമേലിയിൽ പോലീസ് നിയന്ത്രണം കർശനമാക്കി,  ഭക്തരും പോലീസും തമ്മിൽ  സംഘർഷം : ഗതാഗതക്കുരുക്കിൽ നഗരം  നിശ്ചലം

എരുമേലി : എരുമേലിയിൽ പോലീസ് നിയന്ത്രണം കർശനമാക്കിയതോടെ വലഞ്ഞത് അയ്യപ്പ ഭക്തർ മാത്രമല്ല, നാട്ടുകാരും യാത്രക്കാരും പെരുവഴിയിൽ മണിക്കൂറുകളോളം കുടുങ്ങികിടക്കേണ്ട അവസ്ഥയുണ്ടായി. സുരക്ഷാനടപടികൾക്കായി പോലീസ് അയ്യപ്പഭജകതരുടെ വാഹനങ്ങൾ തടഞ്ഞതാണ് പ്രശ്ങ്ങൾക്കു തുടക്കം കുറിച്ചത്.

ശബരിമല ദർശനത്തിന് രാത്രിയിലും പുലർച്ചെയുമായി എത്തിക്കൊണ്ടിരുന്ന ഭക്തരെ വഴിയിലുടനീളം തടഞ്ഞിട്ടത് നിലയ്ക്കലിൽ തിരക്കുണ്ടാകാതിരിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ രാവിലെ ആറിന് ശബരിമലക്ക് പോകാൻ അനുവദിക്കുമെന്നാണ് തലേ ദിവസം പോലീസ് പറഞ്ഞതെന്ന് ഭക്തർ പറയുന്നു. ഇതേതുടർന്ന് എരുമേലിയിൽ രാത്രിയിലും പുലർച്ചെയുമായി തങ്ങി കാത്തിരുന്നവർ ആറിന് പുറപ്പെട്ടപ്പോഴായിരുന്നു തടച്ചിൽ.

എരുമേലി, കരിങ്കല്ലുമുഴി, എംഇഎസ് കോളേജ്, മുക്കൂട്ടുതറ, കണമല എന്നിവിടങ്ങളിലായി നിരവധി വാഹനങ്ങൾ പോലീസ് തടഞ്ഞിട്ടു. റോഡിലിറങ്ങി നിന്ന് മടുത്ത ഭക്തർ പിന്നെ പോലീസുമായി തർക്കമായി. വൈകിട്ട് അഞ്ച് മണിക്ക് കടത്തിവിടുമെന്ന് അറിയിച്ചതോടെ ഭക്തർ രോഷാകുലരായി. ഇതിനിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പമ്പക്കുള്ള ബസുകൾ പോലീസ് തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഇവിടെയും സംഘർഷം രൂക്ഷമായി. പോലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായതോടെ ബസ് സ്റ്റാൻഡിലും സമീപത്ത് വലിയമ്പലത്തിന്റെ മുന്നിലെ ജംഗ്ഷനിലും ഏറ്റുമുട്ടലിന്റെ വക്കിലേക്ക് സ്ഥിഗതികൾ എത്തുകയായിരുന്നു.

ഇതര സംസ്ഥാനക്കാരും മലയാളികളും ഉൾപ്പെടുന്ന നൂറുകണക്കിന് ഭക്തർക്കൊപ്പം ഹൈന്ദവ സംഘടനാ പ്രവർത്തകരും ചേർന്നതോടെ യുദ്ധസന്നാഹത്തിന്റെ മട്ടിലേക്കെത്തി. ഭക്തരും പ്രവർത്തകരും റോഡ് ഉപരോധിച്ചതോടെ പോലീസ് വലഞ്ഞു. തുടർന്നാണ് രണ്ടു വാഹനങ്ങൾ വീതം കടത്തിവിടാൻ പോലീസിന് നിർദേശം ലഭിച്ചത്. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞിരുന്നു. വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ, സ്വകാര്യ ബസുകൾ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, കാൽനട യാത്രക്കാർ ഉൾപ്പടെ വഴിയിൽ കുടുങ്ങിയവരും പോലീസിനോട് കയർത്തു. ഒടുവിൽ എല്ലാ വാഹനങ്ങളും കടത്തിവിട്ടതോടെയാണ് ശബരിമല പാതയിൽ അരങ്ങേറിയ യുദ്ധസമാനമായ സംഘർഷ അന്തരീക്ഷത്തിന് അയവുണ്ടായത്.