എരുമേലിയിലെ കുടിവെള്ള പദ്ധതിക്ക് രണ്ടാം ഘട്ട തുടക്കം.

എരുമേലിയിലെ  കുടിവെള്ള പദ്ധതിക്ക് രണ്ടാം ഘട്ട തുടക്കം.

എരുമേലി : ഇത്തവണ ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ എരുമേലിയിൽ യഥേഷ്‌ടം ശുദ്ധ ജലം സുലഭമായി വിതരണം ചെയ്യാനാകുമെന്ന് ജല അതോറിറ്റി. 53 കോടി ചെലവിട്ട് പൂർത്തിയാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനമാണ് സീസണിൽ തുടങ്ങുക. ഇതിനായി പൈപ്പ് ലൈനുകളുടെ പണികൾ അന്തിമ ഘട്ടത്തിലെത്തി.

എരുമേലി ടൗണിലേക്ക് കനകപ്പലം, പൊരിയന്മല, നേർച്ചപ്പാറ എന്നിവിടങ്ങളിലെ സംഭരണ ടാങ്കുകളിൽ നിന്നും വെള്ളം വിതരണം ചെയ്യാനാകും. ഒരു ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള എംഇഎസ് കോളേജ് പടിക്കലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും കുഴലുകൾ വഴി വിവിധ സംഭരണ ടാങ്കുകളിൽ വെള്ളമെത്തും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന – ദേശീയ പാതകളുടെ ഓരത്ത് കുഴിയെടുപ്പ് നടത്തിയത് മരാമത്ത് വകുപ്പിന് നഷ്‌ടപരിഹാരം നൽകിയാണ്. പഞ്ചായത്ത്‌ റോഡുകൾക്കും താമസിയാതെ തുക നൽകാൻ നടപടികളായിട്ടുണ്ട്. കനകപ്പലം ടാങ്കിലേക്ക് കരിങ്കല്ലുമുഴിയിൽ നിന്ന് പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ രണ്ട് ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെ നാട്ടുകാർ പണികൾ തടഞ്ഞിരുന്നു. നഷ്ട പരിഹാരം അനുവദിക്കുമെന്ന് പഞ്ചായത്തിന് ഉറപ്പ് നൽകിയതോടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ ആരംഭിച്ചത്. പമ്പാ നദിയിൽ പെരുംതേനരുവിയിലെ കെഎസ്ഇബി യുടെ ഡാമിൽ നിന്നാണ് പദ്ധതിക്ക് വെള്ളം ശേഖരിക്കുന്നത്. 12 ഓളം സ്ഥലങ്ങളിൽ ടാങ്കുകളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയിൽ സമീപ പഞ്ചായത്തായ വെച്ചൂച്ചിറയിലെ പ്രദേശങ്ങളിലും വെള്ളമെത്തിക്കും. അടുത്ത ഘട്ടത്തിൽ പദ്ധതി മുണ്ടക്കയത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ശബരിമല സീസണിന് മുമ്പ് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആണ് പദ്ധതി ഉത്ഘാടനം ചെയ്തത്. 1982 ൽ ഇസ്ഹാഖ് കുരിക്കൾ എംഎൽഎ അധ്യക്ഷനായ നിയമസഭാ സമിതി ശുപാർശ ചെയ്ത ഈ പദ്ധതി മുൻ എംഎൽഎ അൽഫോൺസ് കണ്ണന്താനം ഇടപെട്ട് ബജറ്റിൽ തുക അനുവദിക്കുകയും തുടർന്ന് വന്ന യുഡിഎഫ് സർക്കാർ നിർമാണം ആരംഭിക്കുകയുമായിരുന്നു.