എരുമേലിയിൽ മാലിന്യ നിക്ഷേപങ്ങൾക്ക്എട്ട് കേന്ദ്രങ്ങൾ, നിയമം തെറ്റിച്ചാൽ കർശന നടപടി

എരുമേലിയിൽ  മാലിന്യ നിക്ഷേപങ്ങൾക്ക്എട്ട് കേന്ദ്രങ്ങൾ, നിയമം തെറ്റിച്ചാൽ കർശന നടപടി

എരുമേലി : ” ക്ലീൻ എരുമേലി, ഗ്രീൻ എരുമേലി” എന്ന പദ്ധതിയുമായി എരുമേലി പട്ടണം വൃത്തിയാക്കുവാൻ പഞ്ചായത്ത്‌ അധികാരികൾ മുന്നിട്ടിറങ്ങുന്നു. എരുമേലിയിൽ വിവിധ സ്ഥലങ്ങളിലായി മാലിന്യ നിക്ഷേപങ്ങൾക്ക് വേണ്ടി എട്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നു പഞ്ചായത്ത്‌ അറിയിച്ചു. അവിടെയല്ലാതെ മാലിന്യം ഇടുന്നവരെ പിടികൂടുവാൻ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിസി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അറിയിപ്പിൽ പറയുന്നു. അനധികൃതമായി മാലിന്യങ്ങളിടുന്നവരെ പറ്റി തെളിവും വിവരങ്ങളും നൽകിയാൽ പാരിതോഷികം പ്രതിഫലമായി നല്കാനും തീരുമാനിച്ചിട്ടുണ്ട്.

മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ വെവ്വേറെ ഇനങ്ങളായി തരം തിരിച്ചു വേണം മാലിന്യങ്ങളുമായി എത്തേണ്ടത്. പ്ലാസ്റ്റിക് ഉണ്ടെങ്കിൽ കഴുകി വൃത്തിയാക്കിയിരിക്കണം. അളവിൽ കൂടുതൽ ഉണ്ടെങ്കിൽ ചെറിയ തുക ഫീസായി അടക്കണം. രാവിലെ എട്ട് മുതൽ വൈകിട്ട് നാല് മണി വരെയേ മാലിന്യങ്ങൾ കൊണ്ടുവരാവൂ. മാലിന്യങ്ങൾ വാങ്ങാൻ കേന്ദ്രങ്ങളിൽ ആളുണ്ടാവും. പ്രത്യേകം കിയോസ്കുകളിൽ ആണ് ഓരോ ഇനം മാലിന്യങ്ങളും തരം തിരിച്ച് ഇടേണ്ടത്. പ്ലാസ്റ്റിക്, ഖരം, ജൈവം എന്നിങ്ങനെ വേണം തരം തിരിക്കാൻ. മാലിന്യങ്ങൾ കൂടുകളിൽ കെട്ടി പൊതിഞ്ഞു കൊണ്ടുവരുന്നവർ അതേപടി ഇടാൻ പാടില്ല. കൂട് അഴിച്ചിട്ട ശേഷം കൂട് വേറെ കിയോസ്കിൽ ഇടണം.

ഒരു വർഷത്തിനുള്ളിൽ എരുമേലിയെ ശുചിത്വപൂർണമായ പഞ്ചായത്താക്കി മാറ്റുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. ക്ലീൻ എരുമേലി, ഗ്രീൻ എരുമേലി എന്നതാണ് പദ്ധതിയുടെ പേര്. എരുമേലിയിൽ ഫോറസ്ററ് റേഞ്ച് ഓഫീസ്, കെഎസ്ആർടിസി ജംഗ്ഷൻ, കൃഷിഭവൻ, ചെമ്പകത്തുങ്കൽ പാലം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചരള എന്നിവിടങ്ങളിലും മുക്കൂട്ടുതറയിൽ ടൗൺ, തിരുവമ്പാടി ജംഗ്ഷൻ എന്നിവിടങ്ങളിലുമായി എട്ട് കേന്ദ്രങ്ങളിൽ ആണ് മാലിന്യങ്ങൾ സ്വീകരിക്കുക. മറ്റ് സ്ഥലങ്ങളിൽ മാലിന്യങ്ങൾ ഇട്ടാൽ ഇടുന്നവരെ കണ്ടെത്തി കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുമെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.