എരുമേലിയിലെ പാറമട ഭീഷണി : വേണ്ടി വന്നാൽ പൂട്ടുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

എരുമേലിയിലെ പാറമട ഭീഷണി : വേണ്ടി വന്നാൽ പൂട്ടുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

എരുമേലി : പാറമടയിൽ നിന്നും മലവെള്ളപ്പാച്ചിലുണ്ടായി ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തതോടെ ചെമ്പകപ്പാറ പാറമട പ്രദേശവാസികൾക്ക് ഭീഷണിയായി. പാറമട മൂലമുള്ള അപകടസാധ്യത സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഇന്നലെ പാറമട സന്ദർശിച്ച ആന്റോ ആന്റണി എം പി യും ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയ പി സി ജോർജ് എംഎൽഎ യും അറിയിച്ചു. അതേസമയം ആവശ്യമെങ്കിൽ പാറമടയുടെ പ്രവർത്തനം വിലക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

പാറമടയിൽ നിന്നും മലവെള്ളപ്പാച്ചിലുണ്ടായി ഒട്ടേറെ വീടുകളിൽ വെള്ളം കയറുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തതോടെ പ്രദേശത്തെ 14 കുടുംബങ്ങളെ സമീപത്തെ വാവർ സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇന്നലെ എം പിയും എംഎൽഎ യും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ക്യാമ്പ് സന്ദർശിച്ചു. തുടർന്ന് എംപി യും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും നാട്ടുകാർക്കൊപ്പം പാറമടയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാട്ടുകാർ ഉന്നയിക്കുന്ന ആശങ്ക ജില്ലാ ദുരന്ത നിവാരണ സമിതി ചർച്ച ചെയ്യുമെന്നും ദുരന്ത നിവാരണ സമിതി ജില്ലാ ഉപാധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പറഞ്ഞു. ആവശ്യമെങ്കിൽ പാറമടയുടെ പ്രവർത്തനം വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ. പി എച്ച് ഷാജഹാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി കെ അബ്ദുൽകരീം, പഞ്ചായത്ത്‌ അംഗങ്ങളായ പ്രകാശ് പുളിക്കൻ, ഫാരിസാ ജമാൽ, ജമാഅത്ത് കമ്മറ്റി അംഗങ്ങളായ നാസർ പനച്ചി, റസൽ സലീം, ആക്ഷൻ കൗൺസിൽ പ്രവർത്തകരായ സി യു അബ്ദുൽ കരീം, അബ്ദുൽ ഷെബിൻ, അച്ചു സലീം തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.