8.62 കോടി ചെലവ് വരുന്ന എരുമേലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. എരുമേലിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ പറഞ്ഞു

8.62 കോടി ചെലവ് വരുന്ന  എരുമേലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി.     എരുമേലിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം  എത്തിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ പറഞ്ഞു

.

എരുമേലി : കനകപ്പലം, ആമക്കുന്ന് വാർഡുകളിൽ എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ ഉദ്ഘാടനം പി.സി.ജോർജ് എം എൽ എ നിർവ്വഹിച്ചു. റീബിൽഡ് കേരള ഇനിഷേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 8.62 കോടി രൂപ ചിലവിലാണ് നിർമ്മാണം.

കനകപ്പലത്ത് രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നേരത്തെ നിർമിച്ചിരുന്നു. ഈ ടാങ്കിൽ നിന്നും 16.62 കിലോമീറ്റർ ദൂരത്തിൽ 500 വീടുകൾക്ക് വാട്ടർ കണക്ഷൻ നൽകാനായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 3.79 കോടി രൂപ ചെലവിടുമെന്ന് എംഎൽഎ പറഞ്ഞു. ഒഴക്കനാട്, പൊരിയന്മല, കനകപ്പലം, ശ്രീനിപുരം വാർഡുകളിലാണ് വാട്ടർ കണക്ഷൻ ലഭിക്കുക. പൊതുമരാമത്ത് റോഡുകളിൽ 4.5 കിലോമീറ്ററൂം, പഞ്ചായത്ത്‌ റോഡുകളിൽ 12.12 കിലോമീറ്റർ ദൂരത്തിലുമാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുക. പൊരിയന്മല ബൂസ്റ്റിംഗ് സ്റ്റേഷനിൽ വൈദ്യുതി കണക്ഷനും രണ്ട് പമ്പ് സെറ്റുകളും സ്ഥാപിക്കും. ആമക്കുന്ന് വാർഡിൽ 4.82 കോടി രൂപയാണ് ചെലവിടുക. നേർച്ചപ്പാറ, പൊരിയന്മല ടാങ്കുകളിൽ നിന്നും 5.14 കിലോമീറ്റർ ദൂരത്തിൽ വെള്ളമെത്തിക്കുന്നതാണ് പദ്ധതി.

പേരൂർത്തോട്, മഞ്ഞളരുവി വഴി പാക്കാനം വാർഡ് ഉൾപ്പെടെ 10. 47 കിലോമീറ്റർ ദൂരത്തിൽ 500 വീടുകൾക്ക് വാട്ടർ കണക്ഷൻ ലഭിക്കും. ആമക്കുന്ന്, വാഴക്കാല, കുന്നേൽ കോളനി, വിലങ്ങുപാറ, മഞ്ഞളരുവി, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി എന്നിവിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് 0.86 കിലോമീറ്റർ ദേശീയ പാതയും അഞ്ച് കിലോമീറ്റർ പൊതുമരാമത്ത് റോഡും 9.65 കിലോമീറ്റർ പഞ്ചായത്ത്‌ റോഡും പൈപ്പ് ലൈൻ സ്ഥാപിക്കും. നിലവിൽ പാക്കാനം കുടിവെള്ള പദ്ധതിക്ക് ഇതിന് പുറമെ 12.60 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.

കനകപ്പലം, ആമക്കുന്ന് എന്നിവിടങ്ങളിൽ നടന്ന ഉത്ഘാടന യോഗങ്ങളിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ്, ബ്ലോക്ക്‌ അംഗം ആശാ ജോയി, വാർഡ് അംഗങ്ങളായ കെ ആർ അജേഷ്, ജോമോൻ വാഴപ്പനാടി, ജെസ്‌ന നജീബ്, ജോളി ഫിലിപ്പ്, ജലവിതരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എരുമേലി സമഗ്ര കുടിവെള്ള പദ്ധതി പൂർണ്ണ തോതിൽ നടപ്പാകുന്നതോടെ എരുമേലിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാൻ കഴിയുമെന്നും പി.സി. ജോർജ് എം എൽ എ പറഞ്ഞു.