എരുമേലി വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റിലെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി

എരുമേലി വിമാനത്താവളം :  ചെറുവള്ളി എസ്റ്റേറ്റിലെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി


കാഞ്ഞിരപ്പള്ളി : എരുമേലി വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടപടികൾ സജീവമാകുകയാണ്.ഇതിനിടയിലാണ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയരുന്നത്. 800 ൽ പരം ജനങ്ങളാണ് എസ്റ്റേറ്റിലെ ലയങ്ങളിൽ അധിവസിക്കുന്നത്. തൊഴിലാളികളായി 300 ൽ പരം പേരുണ്ട്.വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതോടെ ഇവരുടെ തൊഴിലും, താമസമടക്കമുള്ള തുടർന്നുള്ള ജീവിതവും അനിശ്ചിതത്വത്തിലാകും. ഈ സാഹചര്യത്തിലാണ് എസ്റ്റേറ്റിൽ താമസിക്കുകയും ,തൊഴിലെടുക്കുകയും ചെയ്യുന്നവരുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കിയത്.നിർദിഷ്ട വിമാനത്താവള പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്ന പ്രദേശം ഉൾപ്പെടുന്ന ചേനപ്പാടി ഡിവിഷനംഗം ആശ ജോയിയാണ് പ്രമേയം അവതരിപ്പിച്ചത്.

എരുമേലിയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് വഴിവയ്ക്കുന്ന വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും പ്രമേയത്തിൽ പറയുന്നു.തൊഴിൽ, വിനോദ, മേഖലകൾക്ക് പുറമെ തീർത്ഥാടക ടൂറിസത്തിനും, ചരക്കുനീക്കത്തിനും ഇത് സഹായകരമായി മാറും.അതു കൊണ്ട് തന്നെ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുപ്പും, തുടർ നടപടികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപ്പെട്ട് എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.