എരുമേലിയിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തലാക്കും: പി.സി ജോര്‍ജ്

എരുമേലി: മലയോര ഹൈവേയുടെ ഭാഗമായി എരുമേലിയിലേക്കുള്ള റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. 3500 കോടിയുടെ മലയോര ഹൈവേയുടെ പദ്ധതിയില്‍ പ്ലാച്ചേരി മുതല്‍ കരിങ്കല്ലുംമൂഴിവരെയുള്ള ഏഴര കിലോമീറ്ററോളം ദൂരത്തിലുള്ള റോഡിന്റെ വീതി 12 മീറ്ററാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി ജനകീയ സഹകരണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലാച്ചേരി – കരിങ്കല്ലുമൂഴി റോഡ് ഒമ്പത് മീറ്റര്‍ ടാറിങ്ങും ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശത്തും കോണ്‍ക്രീറ്റും ഇട്ടാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ റോഡിന് ഏഴ് മീറ്റര്‍ വീതിയാണുള്ളത്. എന്നാല്‍ വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിന് വീതികൂട്ടാന്‍ വനംവകുപ്പിന്റെ അനുവാദവും പ്രദേശവാസികളുടെ സഹകരണവും ആവശ്യമാണ്.

എരുമേലി – മുണ്ടക്കയം റോഡിന്റെ നവീകരണത്തിനായി 20 കോടിയുടെ പദ്ധതിക്ക് അംഗികാരമായതായും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. എരുമേലി കൊച്ചമ്പലം മുതലുള്ള റോഡിന്റെ വീതി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. കെട്ടിടം നിര്‍മ്മാണത്തിനായി സ്ഥലം മാറ്റിയിട്ടിരിക്കുന്നവരുടെ മൂന്ന് മീറ്റര്‍ സ്ഥലം റോഡ് നവീകരണത്തിന് ഉപയോഗിക്കും. എന്നാല്‍ പിന്നീട് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ റോഡിന് നല്‍കുന്ന സ്ഥലം കുറച്ച് ഇവര്‍ക്ക് കെട്ടിടം നിര്‍മ്മിക്കാമെന്ന വ്യവസ്ഥയിലാകും ഇവ ഏറ്റെടുക്കുക. ഡി.ബി.എം.വി.സി നിലാവാരത്തിലുള്ള റോഡുകളാണ് നിര്‍മ്മിക്കുക.
കൊച്ചമ്പലത്തു നിന്നും ആരംഭിക്കുന്ന നേര്‍ച്ചപ്പാറ, പേരൂര്‍ത്തോട് വഴി കടന്നുപോകുന്ന പരമ്പരാഗത നടപ്പാത ഈ വര്‍ഷം തന്നെ തുറന്ന് കൊടുക്കാന്‍ നടപടിയുണ്ടാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇതിനായി എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പാതയുടെ കോണ്‍ക്രീറ്റിങ്, വഴിവിളക്കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ചെയ്തുകൊടുക്കും.

പരമ്പരാഗത പാതയിലെ റബര്‍ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയിരുന്ന പരമ്പരാഗത നടപ്പാത അയ്യപ്പഭക്തര്‍ക്ക് തുറന്നു കൊടുക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

എരുമേലിയില്‍ ഇരുവശങ്ങളിലുമായി നടപ്പാത നിര്‍മ്മിക്കും. എരുമേലി ഗ്രാമപഞ്ചായത്തിന് പിന്നിലൂടെയുള്ള ഓട സ്ലാബിടുന്നതും പദ്ധതിയിലുണ്ടെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുൾ കരീം, ദേശീയപാത വിഭാഗം ഉദ്ദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.