എക്സൈസ് സംഘത്തിന് തലവേദനയായി കാലപ്പഴക്കം ചെന്ന പഴഞ്ചൻ ജീപ്പ്…

എക്സൈസ് സംഘത്തിന് തലവേദനയായി കാലപ്പഴക്കം ചെന്ന പഴഞ്ചൻ ജീപ്പ്…

മുണ്ടക്കയം : രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് രാവിലെ മുതൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ കഞ്ചാവ് പ്രതിക്ക് വേണ്ടി വലവിരിച്ചു നിന്ന എക്സൈസ് സംഘത്തിന് വെട്ടിച്ചു കടന്ന പ്രതിയെ പിടിക്കുവാൻ സാധിച്ചില്ല എന്ന് മാത്രമല്ല കൈയിൽ കിട്ടേണ്ട തൊണ്ടിമുതൽ വഴുതിപ്പോവുകയും ചെയ്തു.

കുമളിയിൽ നിന്നു കോട്ടയത്തേക്കു പോയ ബസിൽ കഞ്ചാവുമായി എത്തിയ പ്രതി, ബസ്സിൽ കഞ്ചാവ് ബാഗ് ഉപേക്ഷിച്ചു എക്സൈസ് സംഘത്തെ കണ്ടു ഓടി രക്ഷെപ്പട്ടു. പ്രതിയെ പിടിക്കുവാൻ പിറകെ ഓടിയ എക്സൈസ് സംഘത്തെ വെട്ടിച്ചു പ്രതി കടന്നു കളഞ്ഞു. തിരികെ സംഘം സ്റ്റാൻഡിൽ എത്തി ബസ് പരിശോധിക്കുന്നതിന് മുൻപ് ബസ് സ്റ്റാൻഡ് വിട്ടുപോവുകയും ചെയ്തു.

ബസ്സിനുള്ളിൽ ബസിൽ ഒരു ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടത് ഒരു യാത്രക്കാരൻ എക്‌സൈസിന്റെ അറിയിച്ചപ്പോൾ, അത് പ്രതിയുടെ ബാഗ് ആണെന്ന് മനസ്സിലാക്കിയ സംഘം ഉടൻ തന്നെ തങ്ങളുടെ വാഹനത്തിൽ ബസ്സിനെ പിന്തുടരുവാൻ തയാറായി.

എന്നാൽ തൊണ്ടിമുതൽ അകത്തുണ്ടെന്നു അറിയിപ്പ് കിട്ടിയ ബസ്സിനെ ചെയ്‌സ് ചെയ്തു പിടിക്കുവാനുള്ള ശക്തിയില്ലാത്ത പഴഞ്ചൻ ജീപ്പായിരുന്നു ഇത്തവണ തടസ്സം നിന്നത്. ബ്രേക്കിന് തകരാർ ഉള്ള ജീപ്പ് വേഗത്തിൽ ഓടിക്കുവാൻ സാധിക്കില്ല എന്നുള്ളതിനാൽ ഡ്രൈവറും നിസ്സഹായനാണ്. മുൻപിൽ പോയ ബസ്സിന്റെ അടുത്ത് സമയത്തു എത്തുവാൻ കഴിയാതെ വന്നതോടെ ബസ്സ് കാഞ്ഞിരപ്പള്ളിയിൽ എത്തുകയും, വിവരമറിഞ്ഞു കാഞ്ഞിരപ്പള്ളി പോലീസ് ബസ്സിനുള്ളിൽ നിന്നും കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെത്തുകയും ചെയ്തു.

കഞ്ചാവിനും വ്യാജമദ്യ നിർമാണത്തിനും തടയിടാൻ കഠിന പരിശ്രമം നടത്തുന്ന എക്സൈസിനു തടസ്സമാകുന്നതു കാലപ്പഴക്കം ചെന്ന വാഹനമാണ്. മറ്റൊരു വാഹനത്തെ പിൻതുടരാനോ സമയത്തു ലക്ഷ്യത്തിലെത്താനോ എത്തുവാനോ എക്സൈസിനു സാധിക്കാറില്ല. ബ്രേക്ക് ഇല്ലാത്ത വാഹനത്തിൽ 40 കിലോമീറ്റർ കൂടുതൽ വേഗത്തിൽ പോകുവാൻ ഭയമാണെന്നതാണു കാരണം. മുണ്ടക്കയം എക്സൈസ് ഓഫിസിലെ ജീപ്പ് തമിഴ്നാട്ടിൽ അപകടത്തിൽപെട്ടതിന് പകരമായി ഒരുവർഷം മുൻപാണ് പഴഞ്ചൻ ജീപ്പ് ഇവർക്ക് നൽകിയത്.

പാമ്പാടി എക്സൈസ് റേഞ്ച് ഓഫിസിൽ നിന്നു കണ്ടം ചെയ്യാറായ നിലയിൽ മാറ്റിയ ജീപ്പ് മുണ്ടക്കയത്തിനു നൽകുകയായിരുന്നു. മഴപെയ്താൽ ചോർന്നൊലിക്കുന്ന ജീപ്പിൽ സീറ്റിൽ പേപ്പറുകൾ നിരത്തിയാണ് എക്സൈസ് സംഘം യാത്രചെയ്യുന്നത്.രണ്ട് മാസത്തിനിടെ 20ൽ അധികം കഞ്ചാവ് കേസ് പിടികൂടിയ സംഘത്തെ വെട്ടിച്ചു പലപ്പോഴും പ്രതികൾ കടക്കുന്നതു വാഹന പോരായ്മകൊണ്ടാണ്. വ്യാജമദ്യ നിർമാണം വ്യാപകമായ മലയോര പ്രദേശങ്ങളിൽ റെയ്ഡിന് പോകണമെങ്കിൽ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് എക്സൈസ്.

ജീവൻ പണയം വച്ചാണ് ആ ജീപ്പിൽ കുറ്റവാളികളുടെ പിറകെ എക്സൈസ് സംഘം പോകുന്നത്..