സ്വന്തം വീട്ടിൽ രഹസ്യമായി ചാരായം വാറ്റികൊണ്ടിരുന്നയാളെ എക്സൈസ് കൈയോടെ പിടികൂടി

സ്വന്തം വീട്ടിൽ രഹസ്യമായി ചാരായം വാറ്റികൊണ്ടിരുന്നയാളെ എക്സൈസ്  കൈയോടെ പിടികൂടി

എരുമേലി : ശബരിമല മണ്ഡലകാല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വിൽപ്പന നടത്തുവാൻ സ്വന്തം വീട്ടിൽ രഹസ്യമായി ചാരായം വാറ്റികൊണ്ടിരുന്ന സമയത്തു എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പ്രതിയെ കൈയോടെ പിടികൂടി

എരുമേലി എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ ഉള്ള എലിവാലിക്കര ഈസ്റ്റിലെ പൂവത്തുശ്ശേരിൽ വിശ്വൻ എന്നയാളെയാണ് എക്സൈസ് ഇൻസ്പെക്ടർ ബിനു.ജെ.എസ്- ന്റെ നേതൃത്വത്തിൽ വീട്ടിൽനിന്നും പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും 5- ലിറ്റർ ചാരായവും 74- ലിറ്റർ കോടയും ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു.

ശബരിമല മണ്ഡലകാല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വിൽപ്പനയ്ക്കായി നിർമ്മിച്ച ചാരായമാണ് പിടികൂടിയത്. എലിവാലിക്കര പ്രദേശത്ത് ചാരായം വാറ്റ് നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആഴ്ച്ചകളോളം രഹസ്യനിരീക്ഷണം നടത്തിയതിന്റെ ഫലമായാണ് ഈ കേസ് കണ്ടെടുക്കാൻ സാധിച്ചത്. എക്സൈസ് പാർട്ടി ചെല്ലുമ്പോൾ ടിയാന്റെ വീടിനകത്ത് ചാരായം വാറ്റി ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.കെ.എസ്, രതീഷ്.പി.ആർ, ഷിനോ.പി.എസ്, ശ്രീലേഷ്.വി.എസ്, പ്രിവന്റീവ് ഓഫീസർമാരായ അരുൺ.എം, ബെനിയാം.പി.ടി എന്നിവർ പങ്കെടുത്തു. ശബരിമല മണ്ഡലകാല മകരവിളക്ക് സീസൺ പ്രമാണിച്ച് അനധികൃത മദ്യവിൽപ്പനയും ചാരായം വാറ്റും കണ്ടുപിടിക്കുന്നതിന് വേണ്ടി എക്സൈസ് വകുപ്പ് കൂടുതൽ പരിശോധനകൾ തുടർന്നും നടത്തുന്നതാണ്. അനധികൃത മദ്യ- മയക്കുമരുന്ന് കുറ്റക്യത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന ഫോൺനമ്പരിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നഥാണ്. എരുമേലി റേഞ്ച്
എക്സൈസ് ഇൻസ്പെക്ടർ- 9496499299.