ഏലിക്കുട്ടിയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും ജീവിക്കും..

ഏലിക്കുട്ടിയുടെ  കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി  ഇനിയും ജീവിക്കും..

ഏലിക്കുട്ടിയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും ജീവിക്കും..

എരുമേലി : നേർച്ചപ്പാറ പാലക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (81)) ഈ ലോകത്തോട് വിട പറഞ്ഞു അനശ്വരതയുടെ ലോകത്തിലേയ്ക്ക് യാത്രയായെങ്കിലും എലികുട്ടിയുടെ കണ്ണുകൾ രണ്ടുപേർക്കു കാഴ്ച നൽകി ഇനിയും വളരെക്കാലം ഈ ലോകത്തിൽ ജീവിക്കും. നേത്രദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന സാമൂഹിക പ്രവർത്തകനും അവയവദാന കമ്മറ്റിയുടെ കൺവീനറും കൂടിയായ ബേബിച്ചൻ ഏർത്തയിലും സെബാസ്റ്റ്യൻ മണ്ണംപ്ളാക്കലും മുൻകൈയെ എടുത്തു നേർച്ചപ്പാറയിൽ നടത്തിയ അവയവദാന സമ്മതപത്ര ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഏലിക്കുട്ടി അവയവദാനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. തന്റെ മരണത്തോടെ തന്റെ ദേഹത്തിനൊപ്പം മണ്ണിൽ ലയിച്ചു ചേരുന്നതിനു പകരം, തന്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന മഹത്തായ പുണ്യപ്രവർത്തി ചെയ്യുവാൻ അപ്പോൾ തന്നെ തീരുമാനമെടുത്ത ഏലിക്കുട്ടി അവയവദാനം സമ്മത പാത്രത്തിൽ ഒപ്പിട്ടു നൽകുകയായിരുന്നു.

എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിലെ സെന്റ് മേരീസ് കൂട്ടായ്മയിൽ ഉള്ള 21 കുടുംബങ്ങളിൽ നിന്നും ഏലിക്കുട്ടി ഉൾപ്പെടെ 134 പേർ ഒരുമിച്ചാണ് 2018 സെപ്റ്റംബർ മാസം അവയവദാനത്തിന് സമ്മതപത്രം നൽകിയത് . നേർച്ചപ്പാറ അറക്കൽ വീടിന്റെ മുറ്റത്ത്‌ ലളിതമായ ചടങ്ങിൽ വച്ചായിരുന്നു സമ്മതപത്രങ്ങൾ കൈമാറിയത്. അസംപ്ഷൻ ഫൊറോനാ പള്ളി വികാരി ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലാണ് സമ്മതപത്രം ഏറ്റുവാങ്ങിയത്.

ഇന്നലെ മരണം ഹൃദയാഘാതമായെത്തി ഏലിക്കുട്ടിയെ കൂട്ടിക്കൊണ്ടുപോയപ്പോൾ കിടക്കയുടെ അരികിലുണ്ടായിരുന്നു ആ സമ്മതപത്രം. മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ അമ്മ എഴുതി ഒപ്പിട്ടുവെച്ച സമ്മതപത്രം ഇന്നലെ മക്കൾ കൈമാറി.

അതോടെ ഏലിക്കുട്ടിയുടെ വലിയൊരാഗ്രഹമാണ് അന്ത്യാഭിലാഷമായി യാഥാർഥ്യമായത്.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേത്ര ബാങ്ക് മുഖേനെയാണ് കണ്ണുകൾ ദാനം ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ കണ്ണുകൾ യോജിക്കുന്നവരെ കണ്ടെത്തി നേത്രങ്ങൾ വെച്ചുപിടിപ്പിക്കുമെന്ന് കോർഡിനേറ്റർ എബി ജോസ്, അവയവ ദാന കൂട്ടായ്മ പ്രവർത്തകൻ സെബാസ്റ്റ്യൻ ടോം എന്നിവർ പറഞ്ഞു. ഏലിക്കുട്ടിയുടെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും. മകൻ ടോമി കിങ് ജീസസ് മിനിസ്ട്രി പ്രവർത്തകനാണ്.