എരുമേലിയിൽ ക്വാറന്റൈനിൽ മരിച്ച വയോധികയുടെ സ്രവപരിശോധന ഫലം നെഗറ്റീവ്; മൃതദേഹം സംസ്കരത്തിനായി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

എരുമേലിയിൽ ക്വാറന്റൈനിൽ  മരിച്ച വയോധികയുടെ സ്രവപരിശോധന ഫലം നെഗറ്റീവ്;   മൃതദേഹം സംസ്കരത്തിനായി  ബന്ധുക്കൾക്കു വിട്ടുകൊടുത്തു.


എരുമേലി :ഇന്നലെ എരുമേലിയിൽ മരിച്ച എരുമേലി നേർച്ചപ്പാറയിൽ താമസിക്കുന്നതുമായ മാവുങ്കൽ അബ്ദുൽ കരീം മുസ്ല്യാരുടെ ഭാര്യ ഫാത്തിമ ബീവി (65) യുടെ സ്രവപരിശോധനയുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . തുടർന്ന് മൃതദേഹം സംസ്കരത്തിനായി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

ചികിത്സ ആവശ്യത്തിനായി മകൾക്കൊപ്പം ബാംഗ്ലൂരിൽ പോയി, ലോക്ക്ഡൗണിൽ കുടുങ്ങിയ ശേഷം രണ്ടാഴ്ച മുൻപ് തിരിച്ചെത്തി ക്വാറന്റൈൻ കാലാവധിയായ 14 ദിവസം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഫാത്തിമ ബീവിയുടെ മരണം സംഭവിച്ചത്.
ശാരീരിക അവശതകളുള്ള ഫാത്തിമ ഇന്നലെ വെളുപ്പിനു മരിച്ചതോടെ വിവരം ജില്ലാ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു എങ്കിലും സാങ്കേതിക പ്രശ്ങ്ങൾ മൂലം അത്തരം കേസുകൾ കൈകാര്യം ചെയ്യുവാൻ പരിശീലനം ലഭിച്ച സംഘം എത്തുവാൻ വൈകിയതിനാൽ മൃതദേഹം 5 മണിക്കൂർ വീട്ടിൽ കിടക്കേണ്ടി വന്നത് വിവാദമായിരുന്നു.

എട്ട് മണിയോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് എത്തിയെങ്കിലും മൃതദേഹം എടുക്കാന്‍ ആംബുലന്‍സില്‍ ആളില്ലായിരുന്നു. കോവിഡ് ഭീതി മൂലം ആരും ആടുക്കാന്‍ കൂട്ടാക്കഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ അഞ്ച് മണിക്കൂറോളം വൈകി. പിന്നീട് എരുമേലിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ചേര്‍ന്നാണ് സുരക്ഷാ കിറ്റണിഞ്ഞ് 11-മണിയോടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്. കോവിഡ് പരിശോധനക്കായി മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ച് സ്രവമെടുക്കുകയായിരുന്നു.

ഡയാലിസിസ് ചികിത്സയുടെ ഭാഗമായി ബാംഗ്ലൂരില്‍ മകള്‍ക്കൊപ്പമായിരുന്ന ഫാത്തിമ കഴിഞ്ഞ എട്ടാം തീയതിയാണ് ഭർത്താവിനും മകള്‍ക്കുമൊപ്പം തിരികെ നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ഇവര്‍ ഹോം ക്വാറന്റയിനിലാവുകയായിരുന്നു. 14 ദിവസം ക്വാറന്റയിന്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു ദിനം ശേഷിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്. സ്ഥലത്ത് സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, പഞ്ചായത്തംഗം ജസ്‌ന നജീബ് എന്നിവരുണ്ടായിരുന്നു.  എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ. അശോകന്‍, എച്ച്.ഐ. വിനോദ്, ഡ്രൈവര്‍മാരായ സുഗതന്‍, മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്. ബാംഗ്ലൂരില്‍ നിന്നും വന്നതിനാല്‍ ഹോം ക്വാറന്റയിനിലായതാണെന്നും ഹൃദ്രോഗം ഉള്‍പ്പെടെ പലവിധ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു .