പമ്പാവാലി വനമേഖലയിൽ കാട്ടുതീ പടരുന്നു

പമ്പാവാലി വനമേഖലയിൽ കാട്ടുതീ പടരുന്നു


കണമല : കൊടും ചൂടിൽ വനമേഖല കരിഞ്ഞുണങ്ങുമ്പോൾ കാട്ടുതീയും നാശം വിതയ്ക്കുന്നു. പമ്പാവാലി വനമേഖലയിൽ വ്യാപകമായി തീപിടുത്തം ഉണ്ടായി. എരുമേലിയിലെ കോയിക്കക്കാവ് വാനപ്രദേശത്തും തീപിടുത്തമുണ്ടായി. തുലാപ്പള്ളി വട്ടപ്പാറ ഭാഗത്ത് ശബരിമല വനമേഖലയിലുണ്ടായ തീപിടുത്തം ജനവാസപ്രദേശങ്ങൾക്ക് അടുത്ത് വരെയെത്തി. തീപിടുത്തം അണയ്ക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വനപാലകരുടെ സഹായവും സാന്നിധ്യവും കുറവാണ്. മരച്ചില്ലകൾ കൊണ്ട് അടിച്ചാണ് തീ കെടുത്താൻ ശ്രമിക്കുന്നത്. ഇത് ഫലപ്രദമാകുന്നില്ല. ചൂടും കാറ്റും കൂടുമ്പോൾ തീ പടരുകയാണ്. വൻ മരങ്ങളിലേക്ക് തീ പടർന്നിട്ടുണ്ട്. ഒട്ടേറെ മൃഗങ്ങൾ ചത്തെന്ന് സംശയിക്കുന്നു. അടിക്കാടുകൾ കത്തിക്കരിഞ്ഞ നിലയിലാണ്.

ആളുകൾക്ക് ചെന്നെത്താൻ പ്രയാസമായ ദുർഘട സ്ഥലങ്ങളാണ് വനമേഖലയിൽ മിക്കതും. വന്യമൃഗങ്ങൾ രക്ഷ തേടി കൂട്ടത്തോടെ പാലായനം ചെയ്തിട്ടുണ്ടാകുമെന്നും ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിയേക്കുമെന്നും സംശയിക്കുന്നു. തീപിടുത്തം ആസൂത്രിതമാണെന്ന് സംശയം ശക്തമാണ്. എല്ലാ വേനൽ സീസണിലും വൻതോതിൽ വനത്തിൽ തീപിടുത്തമുണ്ടാകുന്നുണ്ട്.