നാടെങ്ങും ഫുട്ബോൾ ആവേശം കവിഞ്ഞൊഴുകുന്നു ..

കാഞ്ഞിരപ്പള്ളി : പ്രതികൂല കാലാവസ്ഥയൊന്നും ഫുട്ബോൾ ആരാധകർക്ക് പ്രശ്നമല്ല.. പകലൊന്നും വൈദ്യതി ഇല്ലെങ്കിലും പ്രശ്‌നമില്ല.. എന്നാൽ ഫുട്ബോൾ ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുന്ന സമയത്തു വൈദുതി ഇല്ലെങ്കിൽ കളി കാര്യമാകും.

തോരാമഴയിലും ഫുട്ബോൾ ആവേശം നനഞ്ഞുകുതിരുന്നില്ല. റഷ്യയിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കു പന്തുരുണ്ടുതുടങ്ങിയതോടെ ഇങ്ങ് നാട്ടിൻപുറങ്ങളിലും ആവേശം അലതല്ലുകയാണ്. ഇഷ്ട ടീമുകളുടെ െഫ്ലക്സുകളും തോരണങ്ങളും കട്ടൗട്ടുകളും നാട്ടിലെങ്ങും നിരന്നിട്ടുണ്ട്. ചായക്കടകളിലും നാലാൾ കൂടുന്ന ഇടങ്ങളിലുമെല്ലാം ഫുട്ബോൾ വാർത്തകൾ മാത്രമാണു കേൾക്കാനുള്ളത്.

ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമനി, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ പതാകയും ജഴ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിശ്വതാരങ്ങളുടെ കട്ടൗട്ടുകളുമൊക്കെയായി നാലു വർഷത്തിനു ശേഷമെത്തിയ ഫുട്ബോൾ മാമാങ്കത്തെ അവിസ്മരണീയമാക്കുകയാണ് ആരാധകർ. ആരാധന കൂടി വീടിന്റെ ചുവരുകളുടെ നിറം വരെ മാറ്റിയവരും വാഹനങ്ങളിൽ ഇഷ്ടതാരങ്ങളുടെ സ്റ്റിക്കർ പതിപ്പിച്ചവരും ഉണ്ട്. നിലവിലുള്ള ലോകജേതാക്കളാണെങ്കിലും ജർമനിക്ക് കാര്യമായ ആരാധകരില്ല.

ഇഷ്ട ടീമിന്റെയും താരങ്ങളുടെയും ഫ്ലക്സ് ബോർ‍ഡുകൾ സ്ഥാപിച്ചും വലിയ സ്ക്രീനിൽ മൽസരങ്ങൾ കാണാൻ ഒരുക്കങ്ങൾ നടത്തിയുമാണ് ഇവർ ലോകകപ്പിനെ വരവേൽക്കുന്നത്. ഓരോ കവലയിലും വീട്ടുമുറ്റത്തും പ്രത്യേകം തയാറാക്കിയ വലിയ സ്ക്രീനുകൾക്കു മുന്നിലുമൊക്കെ മത്സരത്തി​ന്റെ വീറും വാശിയും ഏറ്റുവാങ്ങി സ്വന്തം ടീമുകളെ പിന്തുണച്ച് ആർപ്പുവിളിക്കാൻ ഇത്തവണയും ആരാധകക്കൂട്ടമുണ്ടാകും.

മഞ്ഞക്കിളികൾ എത്ര ഉയരത്തിൽ പറന്നാലും നീലാകാശത്തിന്റെ താഴെ മാത്രം എന്ന വാചകമെഴുതിയാണ് അർജന്റീനയുടെ ആരാധകർ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പോർച്ചുഗലിനെയും റൊണാൾഡോയെയും നെഞ്ചിലേറ്റിയ ആരാധകർ പോർച്ചുഗൽ ഫാൻസ് ക്ലബ് വരെ രൂപീകരിച്ചു.

പല ആരാധകരും മെസിക്കും നെയ്മർക്കും റൊണാൾഡോയ്ക്കും ഒരുമിച്ച് വിജയാശംസകൾ നേർന്നിരിക്കുകയാണ്. മഴക്കാലമായതിനാൽ ലോകകപ്പിനെ വരവേറ്റ് ഘോഷയാത്രകൾ കുറവാണ്. എന്നാൽ മൽസരങ്ങൾ ക്വാർട്ടർ, സെമിഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവേശം കുറെക്കൂടി ഉയരുമെന്നുറപ്പ്.