ഫാ. ജേക്കബ് തെക്കേമുറി (62) നിര്യാതനായി

ഫാ. ജേക്കബ് തെക്കേമുറി (62) നിര്യാതനായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗവും എഴുത്തുകാരനുമായ ഫാ. ജേക്കബ് തെക്കേമുറി-62 നിര്യതനായി. കൊല്ലമുളയിൽ‍ പരേതനായ തെക്കേമുറി ചാക്കോ- മറിയാമ്മ ദമ്പതികളുടെ മകനാണ് ഫാദർ‍ ജേക്കബ് തെക്കേമുറി.

സംസ്‌കാര ശുശ്രൂഷകൾ‍ ശനി (17-8-19) രാവിലെ ഒൻ‍പതിന് വസതിയിൽ‍ ആരംഭിച്ച് തലശേരി അതിരൂപത തളിപറമ്പ് പെരുമ്പടവ് സെന്റ് ജോസഫ്‌സ് പള്ളിയിൽ‍ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ‍ മാർ‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തിൽ മൃതദേഹം സംസ്‌കരിക്കും.

മൃതദേഹം വെള്ളിയാഴ്ച (16-8-19) രാവിലെ ഒൻ‍പതിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ‍ പൊതു ദർ‍ശനത്തിന് എത്തിക്കും. തുടർ‍ന്ന് 10.30ന് നടക്കുന്ന വിശുദ്ധ കുർ‍ബാനക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.

പത്തനംന്തിട്ട ജില്ലയിലെ കൊല്ലമുള യുപി സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം വെൺ‍കുറിഞ്ഞി എസ്എൻ‍ഡിപി സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം പൂർ‍ത്തിയാക്കി. ചങ്ങനാശേരി എസ്ബി കോളജിലെ ഡിഗ്രി പഠനത്തിനു ശേഷം ചങ്ങനാശേരി കുറിച്ചി ജീവ ജ്യോതി മൈനർ‍ സെമിനാരിയിലും വടവാതൂർ മേജർ‍ സെമിനാരിലും വൈദിക പഠനം പൂർ‍ത്തിയാക്കി. 1987 ജനുവരി ഒൻ‍പതിന് പൗരോഹിത്വം സ്വീകരിച്ചു. തുടർന്ന് ഉപരി പഠനത്തിനായി ചെന്നൈ ലയോള കോളജിൽ‍ ചേർന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ‍ സഹവികാരിയും പാണപിലാവ് പള്ളിയിൽ‍ വികാരിയുമായി ശുശ്രൂഷ ചെയ്തു. ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ‍ സഹവികാരിയും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ‍ അധ്യാപകനായും ശുശ്രൂഷ ചെയ്തു. തുടർന്ന് കൽ‍ത്തൊട്ടി പള്ളി വികാരിയായി. മൂന്നു വർ‍ഷക്കാലം മെഡിക്കൽ‍ ലീവിന് ശേഷം മണിപ്പുഴ ക്രിസ്തുരാജ പള്ളിയിൽ‍ വികാരിയായി.

ഇരു വ്യക്കകളും പ്രവർത്തനരഹിതമായതോടെ 97 മുതൽ‍ വിയാനി ഹോമിൽ‍ വിശ്രമ ജീവിതമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനെട്ടു ഗ്രന്ഥങ്ങൾ‍ രചിച്ചു. ഏലോഹീമിന്റെ പാദമുദ്രകൾ‍ ആദ്യ നോവലാണ്. ശ്രേഷ്ഠദൈവ ശാസ്ത്ര രചനക്ക് ആലുവാ പൊന്റിഫിക്കൽ‍ ഇന്‍സ്റ്റിട്യൂട്ട് ഏര്‍പ്പെടുത്തിയ അവാർ‍ഡ് വെളിപാടിലെ സമസ്യകൾ‍ എന്ന ഗ്രന്ഥത്തിനും നോർ‍ത്ത് അമേരിക്കൻ‍ ലൈബ്രറി ഓഫ് പോയട്രിയുടെ എഡിറ്റേഴ്‌സ് ചോയിസ് അവാർഡ് സ്പാർക്ക് എന്ന കവിതക്കും ലഭിച്ചു. മൂല്യങ്ങൾ‍ മണിമുത്തുകൾ‍, വെളിപാട് 1-3, കുരിശിൻ‍ ചുവട്ടിലെ സ്ത്രീ, തിരുവചനവുമൊത്ത് ഒരു നാഴികനേരം, കുർ‍ബാനയും വെളിപാടും, ഈശോമിശിഹാ നല്‍കിയ ജീവിത നിയമങ്ങൾ‍, കാരുണ്യപാതയിൽ‍, കുർബാന- ഒരു കുടംബസംഗമം, കുർബാന- ഒരു കുടുംബസംഗമം, കുർ‍ബാന -എന്റെ ഓര്‍മ്മയ്ക്കായി, വിശുദ്ധ റൊസെല്ലോ- അഗതികളുടെ അമ്മ, ഒരു വൈദികനെക്കുറിച്ച് ഓർമ്മക്കുറിപ്പ്, ജീവിതം ആനന്ദകരമാക്കു, മിത്തും സത്തും, ദി റീസറെക്ഷൻ‍, യണ്‍ വെയിലിംഗ് ദി അപ്പോക്യാലിപ്‌സ് എന്ന കൃതികളും രചിച്ചിട്ടുണ്ട്.

പരേതനായ ചാക്കോ- മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ‍. തോമസ്, മാത്തുക്കുട്ടി (ഇരുവരും പെരുമ്പടവ്), ജോസുകുട്ടി (പ്രന്‍സിപ്പല്‍, നാഗപ്പൂര്‍ കോളജ്), ബാബു (പെരുമ്പടൽ), സാബു ( നവോദയ സ്‌കൂൾ, കർ‍ണാടക)
: