പ്രവേശനോത്സവദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ് മാതൃകയായി

പ്രവേശനോത്സവദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി സ്വകാര്യ ബസ് മാതൃകയായി

കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികളുടെ കൺസഷൻ നിർത്തലാക്കണമെന്ന് ഒരു വിഭാഗം ബസ്സുകാർ വാദിക്കുബോൾ , കാഞ്ഞിരപ്പള്ളിയിൽ ഒരു സ്വകാര്യ ബസ് അധ്യയന വര്‍ഷത്തിന്റെ തുടക്ക ദിനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി വിദ്യാർത്ഥികളുടെ ആദരവ് പിടിച്ചുപറ്റി. കാഞ്ഞിരപ്പള്ളി -ചേനപ്പാടി -മണിമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമല ബസിലെ ജീവനക്കാരാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഇന്നലെ വിദ്യാര്‍ഥകള്‍ക്കായി സൗജന്യ യാത്ര ഒരുക്കിയത്.

ബസ് ഉടമ കറിക്കാട്ടൂര്‍ തുടിയംപ്ലാക്കല്‍ എബ്രഹാം തോമസിന്റെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ അര്‍ജുന്‍ ടി. ജയന്‍, കണ്ടക്ടര്‍ നൗഫല്‍ സി. എന്‍, സഹായി ജിബിനും ചേര്‍ന്ന് സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ഥികളെ സന്തോഷ പൂര്‍വം സ്വീകരിച്ചു. സൗജന്യ യാത്ര വിദ്യാര്‍ഥികള്‍ക്കും ഏറെ കൗതുകകരമായിരുന്നു. ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന കുട്ടികളാണ് ബസില്‍ യാത്ര ചെയ്തത്. സൗജന്യ യാത്രയാണെന്ന് കുട്ടികള്‍ അറിയുന്നത് ബസില്‍ കയറിയപ്പോഴാണ്.

കറിക്കാട്ടൂര്‍, മണിമല, വിഴിക്കിത്തോട്, കാഞ്ഞിരപ്പള്ളി, എന്നിവിങ്ങളിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസില്‍ യാത്രക്കാരായുണ്ടായത്. പൊതുവെ ബസ് സര്‍വീസ് കുറവായ റൂട്ടില്‍ ബസ് ജീവനക്കാരുടെ സ്‌നേഹപൂര്‍വമായ പെരുമാറ്റം വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും ഏറെ സന്തോഷം പകര്‍ന്നു. നാട്ടുകാര്‍ ഫേസ് ബുക്കില്‍ സൗജന്യ ബസ് യാത്ര വൈറലാക്കി മാറ്റി.