കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി∙ ജനറൽ ആശുപത്രിയിൽ ശുചിമുറികളിൽനിന്നു പുറന്തള്ളുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിനുവേണ്ടി നിർമിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം ഡോ. എൻ.ജയരാജ് എംഎൽഎ നിർവഹിച്ചു. .പുതുതായി നിർമിക്കുന്ന കന്റീൻ കെട്ടിടത്തിന്റെ തറക്കല്ലീടിലും, നിർമാണത്തിലിരിക്കുന്ന പുതിയ ബ്ളോക്കിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും നടത്തി.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലന്‍ നായര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റിയന്‍, ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കുസുമം ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബീനാ ജോബി, സുമേഷ് വട്ടക്കാട്ട്, എച്ച്. അബ്ദുള്‍ അസീസ്, ഗ്രാമ പഞ്ചായത്തംഗം ഗിരീഷ് എസ്. നായര്‍, തോമസ് പുളിക്കല്‍, എ. ജി. രാജപ്പന്‍, മുണ്ടക്കയം സോമന്‍, ഷെമീര്‍ ഷാ, പി.ഡബ്ല്യൂ. ഡി ബില്‍ഡിംഗ് സെക്ഷന്‍ എ.ഇ മനേഷ് മുതലായവർ ചടങ്ങിൽ സംബന്ധിച്ചു .

ദിവസം ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ആശുപത്രി വളപ്പില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളം ചെടികൾ നനയ്ക്കാനും ശുചിമുറികളിലെ ഫ്ലഷ് ടാങ്കുകളിൽ ഉപയോഗിക്കാനും കഴിയും. ആശുപത്രിയിലെ എല്ലാ ശുചിമുറികളിൽ നിന്നുള്ള മലിനജലം നേരിട്ട് കളക്ഷൻ ടാങ്കിലെത്തിച്ചാണ് ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്.

ശുദ്ധീകരണത്തിനായി പ്ലാന്റിന് ഏഴു ടാങ്കുകളാണുള്ളത്. ബാക്ടീരിയൽ ട്രീറ്റ്മെന്റ് കൂടാതെ കെമിക്കൽ ട്രീറ്റ്മെന്റും നടത്തിയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. 400 കിടക്കകളുള്ള ആശുപത്രിക്ക് പര്യാപ്തമാകും വിധമുള്ള പ്ലാന്റാണ് നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചതോടെ പ്ലാന്റിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, അസിസ്റ്റന്റ് എൻജിനീയർ പി.ആർ.മനേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്ലാന്റ് നിർമിച്ചത്.

കന്റീൻ

മെഡിക്കൽ വാർഡിന് എതിർവശത്തായി രണ്ടു നിലകളിലായി 3800 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് കന്റീനായി നിർമിക്കുന്നത്. എംഎൽഎ ഫണ്ടിൽനിന്നും 60 ലക്ഷം രൂപ മുടക്കി പുതിയ കന്റീൻ കെട്ടിടം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു.കെട്ടിട നിർമാണത്തിനു മുൻപായി ഇവിടെ നിൽക്കുന്ന ഒൻപതു മരങ്ങൾ മുറിച്ചു മാറ്റുന്നതിനു സോഷ്യൽ ഫോറസ്ട്രിയുടെ അനുമതിയും ലഭിച്ചതായി അധികൃതർ അറിയിച്ചു.

പുതിയ ബ്ളോക്ക്
അഞ്ചു നിലകളിലായി 70000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചു കൊണ്ടിരിക്കുന്ന പുതിയ ബ്ളോക്കിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും നടന്നു. . അഞ്ചുകോടി രൂപമുടക്കി സ്ട്രക്ചർ നിർമിച്ച കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കാൻ 10.30 കോടി രൂപകൂടി അനുവദിച്ചതായി ഡോക്ടർ എൻ ജയരാജ് അറിയിച്ചു.