കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം പൂട്ടിയിട്ട് എട്ട് മാസം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഐ.സി.യൂണിറ്റും കാർഡിയോളജി വിഭാഗവും എട്ട് മാസമായി പ്രവർത്തിക്കുന്നില്ല. ആശുപത്രിയിലെ ഏക കാർഡിയോളജിസ്റ്റ് സ്ഥലംമാറി പോയതോടെയാണ് കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് കാർഡിയോളജിസ്റ്റുകൂടിയായ ഫിസിഷൻ ഡോ. ബിജുമോൻ എറണാകുളത്തേക്ക് സ്ഥലംമാറിപ്പോയത്. പിന്നീട് നിയമനം ഉണ്ടായില്ല. രണ്ട് വർഷം മുടക്കമില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന കാർഡിയോളജി വിഭാഗമാണ് അടച്ചിട്ടിരിക്കുന്നത്. ഇതോടെ മേഖലയിലെ നിർദ്ധനരായ രോഗികൾക്ക് വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെയോ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മണ്ഡലകാലത്ത് പാലാ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിന്റെ താത്‌കാലിക സേവനം രണ്ടുമാസം ലഭ്യമാക്കിയിരുന്നു.
ഉപകരണങ്ങൾ നശിക്കുന്നു

ഐ.സി.യൂണിറ്റിന്റെ പ്രവർത്തനം നിലച്ചതോടെ പരിശോധനകൾക്ക് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങളും നശിക്കുന്നു. ആറ്‌ കിടക്കകളുള്ള വിഭാഗത്തിൽ കിടത്തിച്ചികിത്സ നടത്തിയിട്ട് മാസങ്ങളായി. ഹൃദ്രോഗ നിർണയത്തിന് ആശ്യമായ എക്കോ, ടി.എം.ടി. പരിശോധനകൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും നശിക്കുന്ന സ്ഥിതിയാണ്. നിലവിൽ എക്കോ, ടി.എം.ടി. റൂമുകൾ പൂട്ടിയിട്ടിരിക്കുകയാണ്.
പരാതി നൽകിയിട്ടും ഫലമില്ല

കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനംഗം ബിന്ദു എം.തോമസ് ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു. പി.യു.സി.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.അബ്ദുൾ അസീസ് നൽകിയ പരാതിയാണ് കമ്മിഷനംഗം കഴിഞ്ഞ ഫെബ്രുവരിയിൽ പരിശോധന നടത്തിയത്. അടിയന്തരമായി ഡോക്ടറെ നിയമിച്ച് കാർഡിയോളജി വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ ആരോഗ്യവകുപ്പ്‌ അധികൃതർക്ക് നിർദേശം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കത്ത് നൽകി

ജനറൽ ആശുപത്രിയിൽ ഒഴിവുള്ള ഫിസിഷൻ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഒ.യ്ക്ക് കത്ത് നൽകിയിരുന്നു. കാർഡിയോളജിസ്റ്റ് തസ്തികയില്ലാത്ത ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് കൂടിയായ ഫിസിഷൻ എത്തിയാലേ കാർഡിയോളജി വിഭാഗം പ്രവർത്തിപ്പിക്കാൻ സാധികൂ എന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.