കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ്

കാഞ്ഞിരപ്പള്ളി: ജനറല്‍ ആസ്​പത്രിയില്‍ വിജിലിന്‍സ് റെയ്ഡ് നടത്തി. ആസ്​പത്രി വളപ്പിലെ ഗേറ്റുവഴി ആളുകളെ കടത്തിവിടുന്നതിന് അനധികൃതമായി പണം ഈടാക്കുന്നുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡുകളിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോള്‍ നഴ്‌സിങ് അസിസ്റ്റന്റുമാര്‍ പണം വാങ്ങുന്നുവെന്നും ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിജിലന്‍സ് സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ പ്രേമലതയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത് .

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഓഫീസ് രേഖകളും പരിശോധിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളിലും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.