ഗോകുലിനും ഗോപികയ്ക്കും മറക്കാനാവാത്ത ഓണസമ്മാനം …

ഗോകുലിനും ഗോപികയ്ക്കും മറക്കാനാവാത്ത ഓണസമ്മാനം …

മുണ്ടക്കയം :ഗോകുലിനും ഗോപികയ്ക്കും ഈ ഓണം ഒരിക്കലും മറക്കുവാൻ കഴിയില്ല …അവർക്കു ദുഖകരമായ ഓണവും സന്തോഷകരമായ ഓണവും ഈ ഓണം തന്നെ …

നാലു മാസം മുൻപ് അവരുടെ ഏക ആശ്രമായിരുന്ന അമ്മ മരിച്ചതോടെ അനാഥരായി തീർന്ന അവർക്കു ഈ ഓണം ഒരു സങ്കടത്തിന്റെ ഓണം തന്നെയാണ്. എന്നാൽ ആ ദുഃഖത്തിന്റെ ഇടയിലും തങ്ങളുടെ മാതൃ വിദ്യാലയം സ്നേഹത്തോടെ അവർക്കു നിർമ്മിച്ച് നൽകിയ, അവരുടെ സ്വപ്നമായിരുന്നു സ്വന്തം വീട് യാഥാർഥ്യമായതും ഈ ഓണക്കാലത്താണ് ..

മുറികല്ലുംപുറം വിഘ്‌നേശ്വരനിവാസില്‍ ഗോകുലിനും ഗോപികയ്ക്കുമാണ് മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ ഓണസമ്മാനമായി വീട് നിര്‍മ്മിച്ചുനല്‍കിയത്. ഗോകുല്‍ ഗണേഷ് ഇതേ സ്‌കൂള്‍ വിദ്യാര്‍ഥിയും സഹോദരി ഗോപിക സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുമാണ്.

ഇരുവരുടെയും ഏക ആശ്രയമായിരുന്നു അമ്മ ഗിരിജ.നാലുമാസങ്ങള്‍ക്ക് മുമ്പ് അര്‍ബുദരോഗത്തെ തുടര്‍ന്ന് ഗിരിജ മരിച്ചതോടെ അനാഥരായ രണ്ട് കുട്ടികളും അമ്മാവനായ അനിലിനൊപ്പമാണ് കഴിയുന്നത്. സ്വന്തമായി വീട് ഇല്ലെന്ന് അറിഞ്ഞതോടെ സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായ ഫാ.മാത്യു തുണ്ടിയില്‍, മാനേജര്‍ ഫാ.ഓസ്റ്റിന്‍ തെക്കേതില്‍, പി.ടി.എ. പ്രസിഡന്റ് ഡയസ് കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.

സമ്മാനക്കൂപ്പണുകള്‍ വിദ്യാര്‍ഥികള്‍ മുഖേന വിതരണം ചെയ്ത് വീട് നിര്‍മ്മാണത്തിന് ആവശ്യമായ 50 ശതമാനത്തോളം തുക സമാഹരിച്ചു.ബാക്കി തുക സ്‌കൂള്‍ ചാരിറ്റിഫണ്ട്,സോഷ്യല്‍ സര്‍വ്വീസ് ക്ലബ് എന്നിവയില്‍നിന്ന് കണ്ടെത്തി.

കാഞ്ഞിരപ്പള്ളിക്ക് സമീപം ചിറക്കടവ് മണക്കാട്ട് ഭാഗത്താണ് 1,050 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിച്ചത്. നിര്‍മ്മാണ ജോലികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളായിരുന്നു. ഗൃഹപ്രവേശം ശനിയാഴ്ച നടത്തി വീട് കുട്ടികൾക്ക് കൈമാറി .