എരുമേലി സ്വർണ പണയ തട്ടിപ്പ് : മൂന്നു ദിവസത്തേക്ക് പ്രതികൾ വീണ്ടും കസ്റ്റഡിയിൽ.

എരുമേലി സ്വർണ പണയ തട്ടിപ്പ് : മൂന്നു ദിവസത്തേക്ക് പ്രതികൾ  വീണ്ടും കസ്റ്റഡിയിൽ.

എരുമേലി : സ്വർണ പണയ ശാലയിൽ 1. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി എരുമേലി അലങ്കാരത്ത് ജെഷ്ന സലിം (34), മറ്റൊരു പ്രതി വേങ്ങശ്ശേരിൽ അബൂതാഹിർ (24) എന്നിവരെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ നൽകി. ഇരുവരെയും ഇന്നലെ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ത്രേട്ട് കോടതി മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയിൽ നൽകിയത്.

കേസിലെ അഞ്ച് പ്രതികൾ ഒളിവിലാണ്. ഇവരിൽ 50 ലക്ഷം കൈക്കലാക്കിയ യുവാവാണ് പിടിയിലാകാനുള്ളവരിൽ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നെന്ന് പോലീസ് സംശയിക്കുന്നു.

തട്ടിപ്പ് നടത്തിയ രീതിയും പണവും സ്വർണവും മറ്റുള്ളവർക്ക് കൊടുത്തത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുന്നതിനായാണ് മുഖ്യ പ്രതിയെ ഉൾപ്പടെ കസ്റ്റഡിയിൽ വാങ്ങിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി ഐ സുനിൽ കുമാർ പറഞ്ഞു. പണയം വെച്ച സ്ഥാപനങ്ങളിൽ തെളിവെടുപ്പ് നടത്തി സ്വർണം വീണ്ടെടുക്കുന്നതിനും കൂടിയാണ് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചിരിക്കുന്നത്.

നേരത്തെ തെളിവെടുപ്പിൽ എരുമേലിയിലെ ജോസ്ന ഫിനാൻസ്, റ്റി പി ബാങ്കേഴ്സ് എന്നിവടങ്ങളിൽ നിന്നുമായി 20 പവൻ സ്വർണം തൊണ്ടി മുതലായി കണ്ടെടുത്തിരുന്നു. എരുമേലിയിലെ മുളമൂട്ടിൽ ഫിനാൻസ് ശാഖയിലാണ് ജീവനക്കാരിയായ ജെഷ്ന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നത്. മൊത്തം 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വർണാഭരണങ്ങളിലാണ് പലപ്പോഴായി തിരിമറി നടത്തി മൊത്തം ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നത്. ഇനി അവശേഷിച്ച സ്വർണം കണ്ടെടുക്കുന്നതിന് ഒളിവിലായ പ്രതികളെ കൂടി പിടികൂടിയാലാണ് സാധ്യമാവുക.

അഞ്ച് പ്രതികളാണ് ഒളിവിലുള്ളത്. ഇവരിൽ 50 ലക്ഷം കൈക്കലാക്കിയ യുവാവാണ് പിടിയിലാകാനുള്ളവരിൽ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നെന്ന് പോലീസ് സംശയിക്കുന്നു. ഇതിനിടെ കേസിലെ മറ്റ് പ്രതികളിൽ ചിലർ മുൻ‌കൂർ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതായി സൂചനകൾ കിട്ടിയിട്ടുണ്ട്. എന്നാൽ അറസ്റ്റിലായ ശേഷം ഇപ്പോൾ വീണ്ടും കസ്റ്റഡിയിലായ പ്രതികൾക്ക് ജാമ്യം കിട്ടിയിട്ടില്ലാത്തതിനാൽ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചേക്കില്ല.