മുക്കുപണ്ടം പണയപ്പെടുത്തി യുവാവ് അരലക്ഷം രൂപ തട്ടി

മുണ്ടക്കയം ഈസ്റ്റ് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയപ്പെടുത്തി യുവാവ് അരലക്ഷം രൂപ തട്ടി . ഇടുക്കി, ബൈസൻവാലി, പൊട്ടക്കാട്, കുരിശുംപടി വാകത്താനം വീട്ടിൽ ബോബി ഫിലിപ്പിനെതിരെയാണ് പെരുവന്താനം പോലീസ് അന്വേഷണം ആരംഭിച്ചത്. മുപ്പത്തിയഞ്ചാം മൈൽ ടൗണിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

സ്ഥാപനത്തിലെത്തിയ ഇയാൾ സ്വർണ്ണ വായ്പ ആവശ്യപെടുകയും പണ്ടം കൈമാറുകയുമായിരുന്നു. പ്രവീൺ പെങ്ങന മുണ്ടക്കയം എന്ന വിലാസലായിരുന്നു തട്ടിപ്പ് . തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ വണ്ടിയിൽ നിന്നും എടുത്തു തരാമെന്ന് പറഞ്ഞ് പണവുമായി നീങ്ങിയ യുവാവ് തിരികെ എത്തിയില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് ഉരുപ്പടി സ്വർണ്ണമല്ലന്നു കണ്ടെത്തിയത്. ടൗണിലും പരിസരങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

കാളിയാർ, മുരിക്കാശേരി, തൃപ്പൂണിത്തുറ ഹിൽ പാലസ്, ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുകളിൽ സമാന തട്ടിപ്പുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

സി.ഐ. നോബിൾ ഇമ്മാനുവേൽ, എസ്.ഐ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.