സ്‌കൂളിലെ പൂർവ അധ്യാപകർ നൽകിയ അപൂർവ സമ്മാനത്തിന്റെ ആവേശത്തിൽ എട്ടു മിടുമിടുക്കരായ വിദ്യാർത്ഥികൾ ..

സ്‌കൂളിലെ പൂർവ അധ്യാപകർ നൽകിയ അപൂർവ സമ്മാനത്തിന്റെ ആവേശത്തിൽ എട്ടു മിടുമിടുക്കരായ വിദ്യാർത്ഥികൾ ..

തിടനാട് : സ്‌കൂളിലെ പൂർവ അധ്യാപകർ സ്‌കൂളിലെ മിടുമിക്കാരായ വിദ്യാർത്ഥികൾക്ക് നൽകിയത് അവർ സ്വപ്നത്തിൽ പോലും ആലോചിക്കാത്ത ഒരു അപൂർവ സമ്മാനം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മുൻനിരയിലായ തിടനാട് സർക്കാർ വിദ്യാലയം ഗവ. വിഎച്ച്എസ്എസിലെ മികച്ച എട്ട് വിദ്യാർഥികൾക്കാണ് സ്‌കൂളിലെ പൂർവ അധ്യാപകരുടെ സമ്മാനമായി വിമാനയാത്ര ചെയ്യുവാൻ ഭാഗ്യം ലഭിച്ചത് . ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിദ്യാർഥികൾ തിരുവനന്തപുരത്തേക്ക് വിമാനത്തിൽ പറന്നു. തുടർന്ന് തിരുവനന്തപുരത്തെ കാഴ്‌ചകൾ കണ്ട് വൈകിട്ട് ട്രെയിനിൽ തിരിച്ചെത്തി. കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ പൂർവ അധ്യാപകരാണ് വിമാന യാത്ര ഒരുക്കിയത്.

അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികൾക്കാണ് വിമാന യാത്രയ്ക്കുള്ള അവസരം ലഭിച്ചത്. പഠനമികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ

സ്‌കൂളിന്റെ പുരോഗതിക്ക് എപ്പോഴും കൂടെ നിൽക്കുന്ന പൂർവാധ്യാപകർ പഠന നിലവാരം ഉയർത്തുന്നതിനും കുട്ടികളെ മത്സര സജ്ജമാക്കുന്നതിനുമായാണ് പുതിയ സമ്മാന പദ്ധതി ആവിഷ്കരിച്ചത്.

സ്കൂളിലെ റിട്ടയറീസ്‌ ഫോറം അവതരിപ്പിച്ച എട്ടിന പരിപാടികളുടെ ഭാഗമാണ് ഈ ആകാശപ്പറക്കൽ. അന്നു ജോസഫ്, വി.എ അഖിൽമോൻ, കെ.എസ് ദേവിക, അരവിന്ദ് കെ സുരേഷ്, അർച്ചന മനോജ്, കെ.എസ് കൃഷ്‌ണേന്ദു, അഭിഷേക് ബിജു, അലീന ജോമോൻ എന്നിവരാണ് വിമാന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.