മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ചു പുല്ലുപാറ നിവാസികൾ പള്ളിവെഞ്ചരിപ്പു നടത്തി..

പെരുവന്താനം: മതത്തിന്റെ പേരിൽ കലഹിക്കുന്ന സമൂഹത്തിനു മുന്നിൽ മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ചു വേറിട്ട കാഴ്ചയൊരുക്കി പുല്ലുപാറ നിവാസികൾ

മുറിഞ്ഞപുഴ സെന്റ് ജോർജ്ജ് ഇടവകയുടെ കീഴിൽ നിർമ്മിച്ച മരിയൻ വാലി അമലോത്ഭവ മാതാ ചാപ്പലിന്റ വെഞ്ചിരിപ്പ് കർമ്മമാണ് മതങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന് വേദിയായത്. ചാപ്പലിനു മുന്നിലായി സ്ഥാപിച്ച കൽ വിളക്ക് നിർമ്മിച്ചു നൽകിയത് ശ്രീ സനാതന സംഘത്തിനു കീഴിലുള്ള മുറിഞ്ഞപുഴ ശ്രീ സ്വയംവര പാർവ്വതീദേവി ക്ഷേത്രം ഭരണ സമിതിയാണ്.

ഇക്കാര്യം സംഘാടക സമിതി ചാപ്പലിന്റെ വെഞ്ചരിപ്പ് കർമ്മത്തിനെത്തിയ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി മാർ മാത്യു ക്ഷേത്രം ഭരണ സമിതി പ്രസിഡൻറ് സാബു പുളിച്ചമാക്കലിനെ കൽ വിളക്ക് കൊളുത്തുവാൻ ക്ഷണിക്കുകയായിരുന്നു. ഇതിനു ശേഷമാണ് വെഞ്ചരിപ്പ് കമ്മത്തിന് മാർ മാത്യു തുടക്കം കുറിച്ചത്.

ചടങ്ങുകൾക്ക് വിശ്വാസികളും പ്രദേശവാസികളുമടക്കം വലിയ ജനാവലിയും പങ്കെടുത്തു . വികാരി ജനറാൾ ജോർജ്ജ് ആലുങ്കൽ ആദ്യ കുർബാനയ്ക്ക് നേതൃത്വം നൽകി. വികാരി ഫാ. സിബി കന്നാലിൽ ടി.എസ്. വർഗ്ഗീസ് താഴത്തു വീട്ടിൽ , ബെന്നി പെരുവന്താനം, സിജോ തെക്കേടം എന്നിവർ നേതൃത്വം നൽകി.