ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളി മേഖലയിൽ പൂർണം, സമാധാനപരം, വ്യാപക വഴിതടയല്‍, ഗതാഗത സ്തംഭനം..

ഹര്‍ത്താല്‍ കാഞ്ഞിരപ്പള്ളി  മേഖലയിൽ  പൂർണം, സമാധാനപരം,  വ്യാപക വഴിതടയല്‍, ഗതാഗത സ്തംഭനം..

കാഞ്ഞിരപ്പള്ളി : പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളിൽ വാഹനങ്ങള്‍ തടഞ്ഞു, കടകൾ ബലമായി അടപ്പിച്ചു, ചില സ്ഥലങ്ങളിൽ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എങ്കിലും ഹർത്താൽ സമാധാനപരമായിരുന്നു. അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

കടകള്‍ തുറക്കുമെന്ന വ്യാപാരികള്‍ അറിയിച്ചിരുന്നെങ്കിലും ഭൂരിഭാഗം കടകളും അടഞ്ഞ് കിടന്നു. അപൂർവമായി തുറന്ന ചില കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. പൊൻകുന്നം , കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എരുമേലി മുതലായ സ്ഥലങ്ങളിൽ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സ്വകാര്യ വാഹനങ്ങളും, ചില ബസ്സുകളും ഒഴിച്ച് ഗതാഗതം വളരെ ശുഷ്കമായിരുന്നു. ഭൂരിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളും, ഹോട്ടലുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അത്യാവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു. പൊന്‍കുന്നം മുണ്ടക്കയം എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ് അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചോറ്റിയില്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ പാതി വഴിയില്‍ സര്‍വ്വീസ് നിറുത്തിയത് യാത്രക്കാരെ വലച്ചു. എരുമേലിയില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതോടെ സര്‍വ്വീസ് നിറുത്തി വെച്ചു.

ദളിത് സമരസമിതി നേതാവ് ഗീതാനന്ദൻ അടക്കമുള്ള നേതാക്കൻമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാമംപതാലിൽ പ്രതിഷേധ പ്രകടനം നടത്തി .