ചൊവ്വാഴ്ച ബി.ജെ.പി. – യു ഡി എഫ് ഹര്‍ത്താൽ

ചൊവ്വാഴ്ച  ബി.ജെ.പി. – യു ഡി എഫ് ഹര്‍ത്താൽ

പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ട് പോകപ്പെട്ട കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫ് (22) കൊല്ലപ്പെട്ട സംഭവത്തിൽ, കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് കോട്ടയം ജില്ലയിൽ ബിജെപിയും യു ഡി എഫും ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രണയ വിവാഹത്തെ തുടര്‍ന്ന യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫി(22)ന്റെ മൃതദേഹം തെന്മലയില്‍ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനുവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ തെന്മലയ്ക്ക് 20 കിലോമീറ്റര്‍ മാറി ചാലിയക്കര തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി മൂന്ന് മണിയോടെയാണ് കെവിനെ മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം വിവരം യുവതി പോലീസില്‍ പറഞ്ഞെങ്കിലൂം കേസെടുക്കാന്‍ പോലീസ് കൂട്ടാക്കിയിരുന്നില്ല. പരാതി കിട്ടിയ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കിൽ സംഘത്തെ പിടികൂടുകയും യുവാവിനെ രക്ഷിക്കുകയും ചെയ്യാമായിരുന്നെന്നും എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത് .