ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടക തിരക്ക്

ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടക തിരക്ക്

എരുമേലി : ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താൽ ദിനത്തിലും എരുമേലിയിൽ തീർത്ഥാടകരുടെ തിരക്കിന് കുറവ് വന്നില്ല . എരുമേലിയിലെ മിക്ക കടകളും അടഞ്ഞു കിടന്നത് തീർത്ഥാടകരെ വലച്ചു. സീസൺ കടകൾ അടച്ചത് മൂലം ഭക്തർ ദുരിതത്തിലാവുകയായിരുന്നു. ഭക്ഷണശാലകളും ഹോട്ടലുകളുമെല്ലാം അടഞ്ഞുകിടന്നു.

ഹർത്താലിൽ നിന്ന് ഒഴിവാക്കിയെന്ന പ്രഖ്യാപനം വിശ്വസിച്ച് തുറന്ന സീസൺ കടകൾ രാവിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെത്തി അടപ്പിച്ചത് സംഘർഷമായതോടെ പോലീസ് എത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 10000 രൂപ വീതം പിഴ ചുമത്താവുന്ന വകുപ്പുകൾ ഇട്ട് കേസെടുത്തെന്ന് പോലീസ് അറിയിച്ചു.

എരുമേലിയിലും പരിസര പ്രദേശങ്ങളിലും മുക്കൂട്ടുതറ, കണമല ശബരിമല പാതകളിലും കടകളെല്ലാം അടഞ്ഞുകിടന്നു. കാനന പാതയിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും ഭക്തർ ബുദ്ധിമുട്ടി. എരുമേലിയിലെ അന്നദാന കേന്ദ്രങ്ങളിൽ തിരക്ക് ഏറെ അനുഭവപ്പെട്ടു. കെഎസ്ആർടിസി യുടെ പമ്പ സ്പെഷ്യൽ സർവീസുകൾ മുടങ്ങിയില്ല. അതേസമയം മറ്റ് സർവീസുകൾ നടത്താനായില്ല. ഉച്ചക്ക് പോലീസ് അകമ്പടിയോടെ എറണാകുളം, തിരുവനന്തപുരം ഉൾപ്പടെ ദീർഘ ദൂര സർവീസുകൾ സീസൺ നടത്തി.

സീസൺ കടകൾ അടപ്പിച്ചതിനെ ചൊല്ലി ഹർത്താൽ അനുകൂലികളിൽ ഭിന്നാഭിപ്രായങ്ങൾ ശക്തമായി. . ഭക്തരെ ബുദ്ധിമുട്ടിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഇതോടെ സീസൺ കടകൾ തുറന്നാൽ അടപ്പിക്കരുതെന്ന് നേതാക്കൾ നിർദേശം നൽകി. ഉച്ച കഴിഞ്ഞ് ഏതാനും കടകൾ തുറന്നു. രാവിലെയും വൈകിട്ടും കർമ സമിതി പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി. മുക്കൂട്ടുതറ, കണമല, ചേനപ്പാടി എന്നിവിടങ്ങളിലും പ്രകടനങ്ങൾ നടന്നു.