കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു

കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു

എരുമേലി∙ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ശബരിമല റോഡുകളിൽ വെള്ളം കെട്ടിക്കിടന്നു യാത്ര ദുസ്സഹമായി. പമ്പ, മണിമല ആറുകൾ നിറഞ്ഞു കവിഞ്ഞൊഴുകുന്നു.

കനകപ്പലം താന്നിക്കുഴിവേലി സണ്ണിയുടെ വീട് കാറ്റിൽ മരംവീണു നിലംപരിശായി. ഇന്നലെ ഉച്ചയോടെ ശക്തമായ മഴയ്ക്കൊപ്പം എത്തിയ കാറ്റ് ഏതാനും സെക്കൻഡ് മാത്രമാണ് വീശിയതെങ്കിലും വീടിനോടു ചേർന്നുനിന്ന തേക്ക് കടപുഴകി വീഴുകയായിരുന്നു.

സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. കട്ടിലിൽ കിടക്കുകയായിരുന്ന മകന്റെ ദേഹത്തേക്കു ഭിത്തിയുടെ ഭാഗങ്ങൾ വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇടകടത്തി അരുവച്ചാംകുഴി കുറ്റിയിൽ സോമന്റെ വീടിനു മുകളിലേക്കു പ്ലാവും മഹാഗണിയും വീണു വൻ നാശനഷ്ടമുണ്ടായി. ഒട്ടേറെ ചക്കകളുമായി പ്ലാവ് വീടിനു മുകളിലേക്കു വീണതോടെ മേൽക്കൂര പൂർണമായി തകർന്നു. കട്ടിലും വൈദ്യുത ഉപകരണങ്ങളും നശിച്ചു.

മഴയെ തുടർന്നു മണിമല, പമ്പ ആറുകളിൽ വൻ വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. മേയ് മാസത്തിൽ അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്രയും വലിയ വെള്ളപ്പൊക്കമെന്നു പഴമക്കാർ പറഞ്ഞു. പമ്പാനദിയിലെ ചാത്തൻതറ പെരുന്തേനരുവി അണക്കെട്ട് കവിഞ്ഞൊഴുകുകയാണ്.

ശബരിമല പാതകളിൽ മഴയെ തുടർന്ന് ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. മാറിടം കവല മുതൽ മുക്കൂട്ടുതറ വരെ ഉറവയും വെള്ളക്കെട്ടും കാരണം വാഹനയാത്ര ദുഷ്കരമായി. ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിനു കാരണം. എരുമേലി കെഎസ്ആർടിസി ഭാഗത്തും ഇതേ അവസ്ഥയാണ്.