എരുമേലിയിൽ കനത്ത മഴ ; ശബരിമല പാതകളും ഗ്രാമീണ റോഡുകളും താറുമാറായി

എരുമേലി ∙ എരുമേലിയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ശബരിമല പാതകളും ഗ്രാമീണ റോഡുകളും നശിച്ചു. ചൊവ്വ വൈകിട്ട് നാലു മുതൽ മൂന്നു മണിക്കൂറിലേറെ പെയ്ത മഴ കർഷകർക്കും ശുദ്ധജലക്ഷാമമുള്ള മേഖലകൾക്കും ഏറെ അനുഗ്രഹം നൽകിയെങ്കിലും ഒട്ടേറെ നാശനഷ്ടങ്ങളും സൃഷ്ടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.

പ്രധാന പാതകളിലെ വളവുകളിൽ ഒഴുകിയിറങ്ങിയ ചെളിയിൽ നിയന്ത്രണം തെറ്റി ഒട്ടേറെ ബൈക്കുകൾ മറിഞ്ഞു. പലരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

. മണ്ണ് മാഫിയ കുത്തിയെടുത്ത പറമ്പുകളിൽ നിന്ന് ഒലിച്ചിറങ്ങിയ മണ്ണ് പ്രധാനപാതകളെ ചെളിക്കുളമാക്കി. കണ്ണിമല തറയില്ലത്ത് വർഗീസിന്റെ വീടിന്റെ സംരക്ഷണഭിത്തി പാടേ തകർന്നു.

ഒട്ടേറെ ഗ്രാമീണ പാതകളിലെ മണ്ണ് മഴയിൽ ഒലിച്ചു പോയതോടെ യാത്ര ദുരിതമായി. എരുമേലി പട്ടണത്തിൽ പലയിടത്തും വെള്ളം കയറിയിറങ്ങിയതിനെ തുടർന്ന് മണലും മണ്ണും നിരന്നു കിടക്കുകയാണ്. ഇന്നലത്തെ വെയിലിൽ ഇവ പൊടിപറത്തി പട്ടണജീവിതം ദുസഹമാക്കി.

എരുമേലി നിന്നു മുണ്ടക്കയം, കണമല, കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള പാതകളിൽ മണ്ണും മണലും കൂടിക്കുഴഞ്ഞു കിടക്കുകയാണ്.

ഇതിനിടെ വ്യാവസായിക അടിസ്ഥാനത്തിൽ മണ്ണെടുപ്പ് നിർബാധം നടക്കുന്ന കേന്ദ്രങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് മണ്ണൊലിപ്പുണ്ടായി പാതകൾ കുളമായിരിക്കുകയാണ്. ചരളയിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തുനിന്ന് ചെളിയും മറ്റും ഒഴുകിയിറങ്ങി റോഡ് നശിച്ചതിനെ തുടർന്ന് ലോറിയിൽ വെള്ളം എത്തിച്ച് പാത കഴുകിക്കൊടുത്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡസൻകണക്കിന് മണ്ണെടുപ്പ് കേന്ദ്രങ്ങളുണ്ട്. പാരിസ്ഥിതിക ആഘാതത്തിന് പുറമെ മഴയിൽ ഇവിടങ്ങളിൽ നിന്നു വെള്ളം ഒലിച്ചിറങ്ങുന്നത് കോടികൾ ചെലവിട്ട് നിർമിക്കുന്ന റോഡുകൾക്കും ഭീഷണിയാണ്.