ആർത്തലച്ച് മഴയും കാറ്റും, എരുമേലി മേഖലയിൽ വൻനാശനഷ്ടം

ആർത്തലച്ച് മഴയും കാറ്റും, എരുമേലി മേഖലയിൽ വൻനാശനഷ്ടം

എരുമേലി : ആർത്തലച്ച് പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റും എരുമേലി മേഖലയിലെ ജനജീവിതം ദുസ്സഹമാക്കി . എരുമേലിയിലും കണമലയിലുമാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. കുരുവാമുഴി, വിഴുക്കിത്തോട് ഭാഗങ്ങളിലും കനത്ത മഴയും കാറ്റും മൂലം നാശനഷ്ടം ഏറെയാണ് . കണമലയിൽ പഴയ പാലം വെള്ളത്തിനടിയിലായി.

മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം നഷ്‌ടമായി. റോഡുകളിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന് ഗതാഗതം തടസപ്പെട്ടു.

ജീവനക്കാരുടെ കുറവ് മൂലം കെഎസ്ഇബി യുടെ സേവനം മിക്കയിടത്തും ലഭിച്ചിട്ടില്ല. 25 ൽ പരം പോസ്റ്റുകളും നിരവധി ലൈനുകളും തകർന്നിട്ടുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

മൂന്ന് ദിവസമായി കുറുവാമുഴിയിലും ഒരാഴ്ചയായി കണമല കിഴക്കൻ മേഖലയിലും വൈദ്യുതി നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലാണ്. കുറുവാമുഴി സെന്റ് മേരീസ്‌ സ്കൂളിന് സമീപം പ്ലാവ് കടപുഴകി നാശനഷ്‌ടങ്ങളുണ്ടായി. എരുമേലി നിർമല സ്കൂളിൽ റോഡിലേക്ക് രണ്ട്‌ പോസ്റ്റുകൾ തകർത്ത് തേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുട്ടികളെ എത്തിക്കാനുള്ള ബസുകൾ സ്കൂൾ വളപ്പിൽ നിന്നും പുറത്തിറക്കാനായിട്ടില്ല. കെഎസ്ഇബി ജീവനക്കാർ എത്തി ലൈനുകളും പോസ്റ്റുകളും മാറ്റിയില്ലെങ്കിൽ അധ്യയനം മുടങ്ങുന്ന സ്ഥിതിയിലാണ്.

വിഴിക്കിത്തോട് കണ്ടത്തിൽ ലൂക്കോസിന്റെ വീടിന് മുകളിൽ മരം ഒടിഞ്ഞു വീണു. ഓരുങ്കൽ കടവ്, കനകപ്പലം റോഡുകളിൽ മരങ്ങൾ വീണു കിടക്കുന്നത് നാട്ടുകാർ നീക്കി. കരിമ്പിൻതോട് വനപാതയിലെ റാന്നി ഹൈവേയിൽ ഫയർ ഫോഴ്‌സും വനപാലകരും ചേർന്ന് റോഡിൽ വീണ വനത്തിലെ മരങ്ങൾ നീക്കം ചെയ്തു.

പമ്പ, അഴുത നദികൾ കരകവിഞ്ഞതോടെ എരുമേലി -ശബരിമല പാതയിലെ കണമലയിൽ പഴയ പാലം വെള്ളത്തിനടിയിലായ നിലയിൽ. പുതിയ പാലം മൂന്ന് വർഷം മുമ്പ് തുറന്നതിനാൽ ഗതാഗത തടസമില്ല. അറയാഞ്ഞിലിമാണ്ണ് പാലം വെള്ളത്തിനടിയിലായേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പാലം വെള്ളത്തിനടിയിലായാൽ ഗതാഗതം സാധ്യമല്ല. ചെറിയ ഒരു നടപ്പാലം ആണ് പിന്നെ ആശ്രയം. അഴുത നദിയുടെ കുറുകെയുള്ള മൂക്കംപെട്ടി പാലത്തിൽ തൊട്ടു ചേർന്നാണ് വെള്ളം കരകവിയാറായി ഒഴുകി കൊണ്ടിരിക്കുന്നത്. വൻതോതിലാണ് കൃഷി നശിച്ചിരിക്കുന്നത്. വീശിയടിക്കുന്ന കാറ്റ് ഭീതി സൃഷ്‌ടിച്ചിരിക്കുകയാണ്.