ഇന്ന് രാവിലെയും ശക്തമായ കാറ്റ് നാശം വിതച്ചു

ഇന്ന് രാവിലെയും ശക്തമായ കാറ്റ് നാശം വിതച്ചു


എരുമേലി : ശക്തമായ കാറ്റിൽ ഇന്ന് രാവിലെ ആറ് മണിയോടെ പമ്പാവാലി എരുത്വാപ്പുഴയിൽ വീടിന് മുകളിൽ മരം വീണ് നാശനഷ്‌ടങ്ങളുണ്ടായി. ഉയരമേറിയ ആഞ്ഞിലി മരമാണ് കാറ്റിൽ കടപുഴകി നിലംപതിച്ചത്. എരുത്വാപ്പുഴ പൂവത്തിങ്കൽ അഖിലിന്റെ വീടിന്റെ മുകളിലേക്കാണ് മരത്തിന്റെ അഗ്രഭാഗം പതിച്ചത്.മേൽക്കൂരയും ആസ്ബസ്റ്റോസ് ഷീറ്റുകളും തകർന്നുവീണു.

അഖിലും അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് പരിക്കുകളേൽക്കാതെ രക്ഷപെടാനായതെന്ന് അഖിൽ പറയുന്നു. കണമല വാർഡംഗം അനീഷ് വാഴയിൽ സ്ഥലത്തെത്തി. കടപുഴകി വീണ വലിയ മരം പൂർണമായും വെട്ടിമാറ്റിയാലാണ് വീട് സുരക്ഷിതമാക്കാൻ കഴിയുകയെന്ന് വാർഡംഗം അനീഷ് പറഞ്ഞു. വീട്ടുപകരണങ്ങളും നശിച്ച നിലയിലാണ്.