കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റോഡ് ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കും: പി.സി. ജോര്‍ജ്ജ് ​

കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റോഡ് ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കും: പി.സി. ജോര്‍ജ്ജ് ​

പാറത്തോട് : 40 കോടി രൂപ മുതൽ മുടക്കി ദേശീയപാതയിൽ വാഴൂർ ചെങ്കല്ലേപ്പള്ളി മുതൽ ഇടുക്കി ജില്ലയിലെ മുറിഞ്ഞപുഴ വരെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി – മുണ്ടക്കയം റോഡിൻറെ നവീകരണം ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുവാന്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ്ജ് എം.എൽ .എ.യുടെ അദ്ധ്യക്ഷതയിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.

ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന കാഞ്ഞിരപ്പള്ളി പൂതക്കുഴി മുതൽ മുണ്ടക്കയം വരെയുള്ള ഭാഗത്തെ റോഡ് നിർമാണത്തിൽ അഭിപ്രായങ്ങൾ സമർപ്പിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനുമായി ചേർന്ന യോഗത്തിൽ പാറത്തോട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതർ, ദേശീയപാത വിഭാഗം, തഹസിൽദാർ എന്നിവർ പങ്കെടുത്തു. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡ് പുറമ്പോക്കിൽ സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഏറ്റെടുക്കും. റോഡിലെ 13 അപകട വളവുകൾ നിവർക്കുവാനും തീരുമാനായി.

പൂതക്കുഴി, 26–ാം മൈൽ ജംക്‌ഷൻ, പാറത്തോട് പഞ്ചായത്ത് വളവ്, പൊടിമറ്റം, കോളജ് പടി, ചിറ്റടി, വെളിച്ചിയാനി, പൈങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരം അപകടങ്ങൾ ഉണ്ടാകാറുള്ള വളവുകളിൽ സമീപത്തെ സ്ഥലം ഏറ്റെടുത്ത് വളവുനിവർത്തി വീതികൂട്ടി നിർമാണം നടത്തും. ഇതിനുള്ള പട്ടിക തയാറാക്കി തഹസിൽദാർക്കു നൽകുവാൻ ദേശീയപാത വിഭാഗത്തിനു നിർദേശം നൽകി. വളവുകളുടെ സമീപത്തെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അതതു പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു സ്ഥലം ഉടമകളുമായി ചർച്ച നടത്തുവാനും സ്ഥലം നൽകാത്തപക്ഷം റോഡ് നിർമാണ ഭാഗമായി നിയമപരമായി സ്ഥലം ഏറ്റെടുക്കുന്ന നടപടിയിലേക്കു നീങ്ങുവാനും തീരുമാനമായി.

വളവുകൾ നിവർക്കുന്നതിനൊപ്പം പ്രധാന ജംക്‌ഷനുകളിൽ ബസ് നിർത്തുവാൻ ബസ്ബേകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമിക്കും. സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. തഹസിൽദാർ ജോസ് ജോർജ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജയ ജേക്കബ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ദിഫയിൻ, ദേശീയപാത അസി. എക്സിക്യുട്ടീവ് എൻജിനീയർ വി.പി. ജാഫർഖാൻ, അസി. എൻജിനീയർ പി.എം. മീര, ഓവർസീയർമാരായ കെ.എം. അരവിന്ദ്, എൻ. സുരേഷ്, വിവിധ പഞ്ചായത്തംഗങ്ങളായ സൂസമ്മ മാത്യു, ബീന ജോബി, കെ.പി. സുജീലൻ, വർഗീസ് കൊച്ചുകുന്നേൽ, മോൻസി ജേക്കബ്, ജെസി വർഗീസ്, ബിനു സജീവ്, ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു.