വൈകിവന്ന അവധി പ്രഖ്യാപനം കുട്ടികളെ വലച്ചു; വീട്ടുകാരെയും..

വൈകിവന്ന അവധി പ്രഖ്യാപനം കുട്ടികളെ വലച്ചു; വീട്ടുകാരെയും..

കാഞ്ഞിരപ്പള്ളി : സ്‌കൂളിൽ പോകുവാൻ കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം പ്രഖ്യാപിച്ച അവധി കുട്ടികളെ വലച്ചു, ഒപ്പം വീട്ടുകാരെയും… ഇന്ന് അവധിയായിരിക്കും എന്ന് കരുതി രാവിലെ മുതൽ ടി വി യുടെയും മൊബൈലിന്റെയും മുൻപിൽ പ്രതീക്ഷയോടെ നോക്കിയിരുന്ന കുട്ടികളെ നിരാശരാക്കികൊണ്ടു എട്ടുമണി വരെ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മാത്രമാണ് അവധി പ്രഖ്യാപനം ഉണ്ടായിരുന്നത്. അതിനാൽ കുട്ടികൾ നിരാശരായി പെരുമഴയത്ത് ബാഗും കുടയുമെടുത്തു സ്‌കൂളിലേക്ക് യാത്രയായി.

എന്നാൽ എട്ട്മണിയോടെ ടിവി യിൽ കാഞ്ഞിരപ്പള്ളി താലൂക്കിനും അവധി വാർത്ത വന്നപ്പോഴേയ്ക്കും താമസിച്ചുപോയിരുന്നു. ഭൂരിഭാഗം കുട്ടികളെയും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ അവധി പ്രഖ്യാപനം അറിഞ്ഞ സ്‌കൂളുകാർ സ്കൂൾ ബസ്സുകാരെ വിളിച്ചു വിവരം പറഞ്ഞു. അതോടെ സ്കൂൾ ബസ്സുകാർ കയറിയ കുട്ടികളെ തിരികെ കൊണ്ടുപോയി കയറ്റിയ സ്ഥലങ്ങളിൽ തിരിച്ചിറക്കി വിട്ടു.

പെരുമഴയത്ത് വഴിയിൽ അകപ്പെട്ട കൊച്ചു കുട്ടികൾ ദുരിതത്തിലായി. മാതാപിതാക്കൾ രണ്ടുപേരും ജോലിക്കുപോകുന്ന സ്ഥിതിയുള്ള വീടുകളിൽ കാര്യങ്ങൾ കുഴപ്പത്തിലായി. കുട്ടികളെ ബസ്സിൽ കയറ്റി വിട്ടിട്ടു അവർ തങ്ങളുടെ ജോലി സ്ഥലത്തേക്ക് പോകുന്ന രീതിയിലാണ് പലരും. എന്നാൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയ കുട്ടികൾ പൂട്ടിക്കിടക്കുന്ന വീടുകളാണ് കാണുന്നത്. അയൽവക്കത്തെ വീടുകളിൽ പോയിരുന്നു മാതാപിതാക്കളെ വിളിച്ചു വിവരം പറയുകയേ അവർക്കു നിവൃത്തിയുണ്ടായിരുന്ന്നുള്ളു.. ചില കുട്ടികൾ തിരിച്ചിറക്കി വിട്ട സ്ഥലങ്ങളിൽ ഉള്ള കടകളിൽ മാതാപിതാക്കൾ വന്നു കൂട്ടികൊണ്ടുവരുന്നത് വരെ കാത്തിരുന്നു.. രാവിലെ മുതൽ ശക്തമായ മഴയുള്ളത് കാര്യങ്ങൾ കൂടുതൽ ദുരിതത്തിലാക്കി.