വിശ്വാസം..അതല്ലേ എല്ലാം.. പത്തു വർഷങ്ങൾ കാത്തിരുന്നപ്പോൾ കാർഷികവിളയ്ക്ക് ലഭിച്ചത് അറുപതു ഇരട്ടി വില..

വിശ്വാസം..അതല്ലേ എല്ലാം.. പത്തു വർഷങ്ങൾ കാത്തിരുന്നപ്പോൾ കാർഷികവിളയ്ക്ക് ലഭിച്ചത് അറുപതു ഇരട്ടി വില..

വിശ്വാസം..അതല്ലേ എല്ലാം.. പത്തു വർഷങ്ങൾ കാത്തിരുന്നപ്പോൾ കാർഷികവിളയ്ക്ക് ലഭിച്ചത് അറുപതു ഇരട്ടി വില..

പൊൻകുന്നം : ചെറുവള്ളിയിൽ വെട്ടുവേലിൽ വീട്ടിലെ ഹൈൻസ് അപ്രേം എന്ന ബുദ്ധിമാനായ കർഷകൻ വിലയിടിഞ്ഞുപോയ തന്റെ കാർഷികവിള കളയാതെ, സാഹചര്യങ്ങൾ മനസ്സിലാക്കി വില ഉയരുന്നത്തിനായി കാത്തിരുന്നതു നീണ്ട പത്തു വർഷങ്ങൾ… വിലകെട്ട സാധനം എടുത്തു കുപ്പയിൽ കളയുവാൻ സുഹൃത്തക്കൾ , ഉപദേശിച്ചുവെങ്കിലും ചെവികൊണ്ടില്ല.. ഒടുവിൽ പരിഹസിച്ച സുഹൃത്തുക്കളെ അമ്പരപ്പിച്ചുകൊണ്ട് ഹൈൻസ് തന്റെ കാർഷികവിള വിറ്റത് അറുപതു ഇരട്ടി വിലയ്ക്ക് .. അതായതു പത്തു വര്ഷങ്ങള്ക്കു മുൻപ് വിറ്റാൽ കിട്ടേണ്ടിയിരുന്ന മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്കു പകരം ഇപ്പോൾ കിട്ടിയത് രണ്ടുലക്ഷത്തി പതിനായിരം രൂപാ ..അതോടെ നാട്ടിലെ താരമായിരിക്കുകയാണ് ബിസിനസുകാരനും കൂടിയായ ആ ബുദ്ധിമാനായ കർഷകൻ..

പത്തുവർഷങ്ങൾക്കു മുൻപ്, വാനിലയുടെ വില അപ്രതീക്ഷിതമായി വാണം പോലെ കുതിച്ചു കയറിയപ്പോൾ, നാട്ടിൽ ഏറെപ്പേർ റബ്ബർ മരങ്ങൾ വെട്ടിമാറ്റി വാനില കൃഷി ചെയ്തിരുന്നു. ഹൈൻസും അങ്ങനെ റബ്ബർ വെട്ടിക്കളഞ്ഞു വാനില നട്ട കർഷകനാണ്. കണ്ണിൽ എണ്ണയൊഴിച്ചു വളർത്തിക്കൊണ്ടു വന്ന ചെടികളുടെ പരാഗണം നടത്തിയതുപോലും വളരെ സൂക്ഷ്മതയോടെ .. ചെടിക്കു വളരുവാൻ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കികൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

എന്നാൽ വിളവെടുപ്പിന്റെ സമയമായപ്പോൾ വാനിലയുടെ അതിപ്രസരം മൂലം വില കുത്തനെ ഇടിയുകയായിരുന്നു. കിലോയ്ക്ക് ഇരുപത്തിഴായിരം രൂപ ഉണ്ടായിരുന്നത് ദിവസങ്ങൾക്കുള്ളിൽ വെറും അഞ്ഞൂറ് രൂപയായി തകർന്നു വീണു. അതോടെ മറ്റു കർഷകരെ പോലെ ഹൈൻസിന്റെ സ്വപനങ്ങളും തവിടുപൊടിയായായിപോയിരുന്നു. പ്രതീക്ഷിച്ചതിന്റെ അഞ്ചിലൊന്നുപോലും വില ഇല്ലന്നെമാത്രമല്ല, സാധനം എടുക്കുവാൻ പോലും കച്ചവടക്കാർ തയ്യാറായില്ല ..വില പിന്നെയും താഴ്ന്നു കേവലം അറുപതു രൂപയ്ക്കു പോലും സാധനം വില്കേണ്ടിവന്ന കർഷകർ ധാരാളം ഉണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും വിലയിൽ മാറ്റമൊന്നും സംഭവിക്കാത്തതിനാൽ ചില കർഷകർ അത് പൊടിച്ചു ചായയിൽ ചേർത്ത് കഴിച്ചു മുതലാക്കി . . മറ്റു ചിലർ സങ്കടത്തോടെ തങ്ങളുടെ വിളകൾ പുറത്തേയ്ക്കു എറിഞ്ഞു കളഞ്ഞു.

ദീർഘനാളത്തെ വിലക്കുറവും അവഗണനയും മൂലം വനില കൃഷി ചെയ്ത ഭൂരിഭാഗം കർഷകരും ഓമനിച്ചു വളർത്തിയ വാനില തോട്ടങ്ങൾ വെട്ടിക്കളഞ്ഞു മറ്റു കൃഷികളിലേക്കു ചുവട് മാറ്റി. ഹൈൻസ് മൂന്ന് വർഷങ്ങൾ കാത്തിരുന്ന ശേഷം വിഷമത്തോടെ തന്റെ വാനില ചെടികൾ വെട്ടിമാറ്റി മറ്റു കൃഷികളിലേക്കു ശ്രദ്ധിച്ചു.

നിരാശരായ കർഷകരിൽ കുറേപേർ വാനില ബീൻസുകൾ വിൽക്കുവാൻ കഴിയാതിരുന്നതിൽ വീടുകളിൽ ഉണക്കി സൂക്ഷിച്ചു വച്ചിരുന്നു. എങ്കിലും ഭൂരിഭാഗം ആളുകളും രണ്ടു മൂന്നു വര്ഷങ്ങൾക്കുള്ളിൽ സൂക്ഷിച്ചു വച്ചിരുന്ന വാനില ഇനി വില ഉയരുകയില്ല എന്ന നിരാശയിൽ പൂർണമായും ഉപേക്ഷിച്ചു.

എന്നാൽ താൻ കഷ്ട്ടപെട്ടു കൃഷി ചെയ്തുണ്ടാക്കിയ, നാനൂറു ചെടികളിൽ നിന്നായി സംഭരിച്ച ഏഴ് കിലോ ഉണങ്ങിയ വാനില ബീൻസുകൾ, വെറുതെ കളയുവാനാണ് ഹൈൻസിനു മനസ്സ് വന്നില്ല. നിരാശനാകാതെ, എന്തുകൊണ്ട് വാനിലയ്ക്കു അപ്രതീക്ഷിതമായി വില കൂടി എന്നും, എന്തുകൊണ്ട് പെട്ടെന്ന് വില കുറഞ്ഞു എന്നും മനസ്സിലാക്കുവാൻ ശ്രമിച്ചു.

വനില ഉൽപാദനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന മഡഗാസ്കറിൽ കൊടുങ്കാറ്റും കൃഷിനാശവുമുണ്ടായതാണ് അങ്ങനെ വില വാനോളമുയരാൻ കാരണമായത് എന്ന കാര്യം ഗ്രഹിച്ച ഹൈൻസ്, മഡഗാസ്കറിൽ കൃഷിനാശത്തിനു ശേഷം പുതിയതായി വളർത്തിയ വാനിലകൾ വലിയ തോതിൽ ഉത്പാദനം നടത്തുവാൻ തുടങ്ങിയതാണ് കേരളത്തിലെ വില ഇടിവിനു കാരണം എന്നും മനസ്സിലാക്കി. ഒരു ചെടി നട്ടുവർത്തി വിളവെടുക്കണമെങ്കിൽ രണ്ടു വര്ഷങ്ങളോളം സമയം വേണം. അതായതു ഒരിക്കൽ പ്രധാന കേന്ദ്രത്തിലെ വിള നശിച്ചാൽ ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തേക്ക് മറ്റുള്ള സ്ഥലങ്ങളിലെ വാനിലയ്ക്ക് നല്ല വില ലഭിക്കും എന്നത് ഉറപ്പാണ്.

മഡഗാസ്കറിലെ മാറിവരുന്ന കാലാവസ്ഥ വ്യതിയാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കുവാൻ അദ്ദേഹം ശ്രമിച്ചു. കൊടുങ്കാറ്റും കൃഷിനാശവും ആ പ്രദേശങ്ങളിൽ ഇടക്കിടയ്ക്ക് ഉണ്ടാകാറുള്ളതാണെന്ന കാര്യം മനസ്സിലാക്കിയ ഹെയ്ൻസിനു ഒരു കാര്യം മനസ്സിലായി. ഇപ്പോൾ സംഭവിച്ചതുപോലെ ഇനിയുമൊരെ കൃഷിനാശം മഡഗാസ്കറിൽ സംഭവിച്ചാൽ കേരളത്തിൽ വനിലയുടെ വില വീണ്ടും കുത്തനെ ഉയരും. അങ്ങനെ വീണ്ടും സംഭവിക്കുവാൻ സാധ്യതയുണ്ടുതാനും.

ഹൈൻസ് പിന്നീട് അന്വേഷിച്ചത്, ഉണങ്ങിയ വാനില എത്രനാൾ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നാണ്. കാറ്റും ഈർപ്പവും കയറാതെ സൂക്ഷിച്ചാൽ വാനില വര്ഷങ്ങളോളളം കേടാകാതെ ഇരിക്കും എന്ന കാര്യം അറിഞ്ഞപ്പോൾ ഹൈൻസ് ഒന്ന് തീരുമാനിച്ചു. തന്റെ കൈയിൽ ഇരിക്കുന്ന വാനില തനിക്കു ഉദ്ദേശിച്ചതിൽ കൂടുതൽ പണം ഉണ്ടാക്കിത്തരും.

തുടർന്ന് ഹൈൻസ് തന്റെ കൈവശമുള്ള വാനില ഒരു കമ്പിളിപുതപ്പിൽ പൊതിഞ്ഞു, മരപെട്ടിക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു. രണ്ടു മൂന്നു വർഷങ്ങൾ കൂടുമ്പോൾ അവ പുറത്തെടുത്തു വെയിൽ കൊള്ളിച്ചു വീണ്ടും സൂക്ഷിച്ചു വച്ചു് .

അങ്ങനെ നീണ്ട പത്തു വർഷങ്ങൾ കഴിഞ്ഞുപോയതോടെ ഹൈൻസ് കാത്തിരുന്ന വാർത്തയെത്തി. മഡഗാസ്കറിൽ വീണ്ടും കൊടുങ്കാറ്റും കൃഷിനാശവുമുണ്ടായി വാനില കൃഷികൾ പൂർണമായും നശിച്ചു. അതോടെ ഹൈൻസ് തന്റെ വാനില പെട്ടിയിൽ നിന്നെടുത്തു വീണ്ടും ഉണക്കി ഭദ്രമായി പരിപാലിച്ചു. വില അഞ്ഞൂറിൽ നിന്നും ആയിരമായി, രണ്ടയിരമായി, പതിനായിരമായി, ഇരുപതിനായിരം ആയി..അദ്ദേഹം വിൽക്കാതെ കാത്തിരുന്നു.. വില മുപ്പതിനായിരം ആയപ്പോൾ, ഏതാനും ദിവസങ്ങൾക്കു മുൻപ്, ഈരാറ്റുപേട്ടയിലെ കച്ചവടക്കാരനു സാധനം കൈമാറി.. ഏഴ് കിലോക്ക് മൂവായിരത്തി അഞ്ഞൂറിന് പകരം കിട്ടിയത് രണ്ടുലക്ഷത്തി പതിനായിരം രൂപ..

ഇപ്പോഴുള്ള കാലാവസ്ഥയിൽ വാനില വള്ളികൾ ശരിയായി വളരുന്നില്ല എന്നാണ് ഹൈൻസ് പറയുന്നത്. തന്നെയുമല്ല വരും വർഷങ്ങളിൽ കാലാവസ്ഥ തുണച്ചാൽ നാലു വർഷത്തിനകം മഡഗാസ്കർ വിപണി തിരിച്ചു പിടിക്കുമെന്നാണു വിദഗ്ദർ പറയുന്നത് . അതോടെ വില വീണ്ടും തകർന്നേക്കാം… അതിനാൽ വാനില കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ അത് പ്രധാന കൃഷയാക്കാതെ ഇടവിളയായി ചെയ്യുന്നതാണ് അഭികാമ്യം എന്നാണ് ഹൈൻസിന്റെ ഉപദേശം.

എങ്കിലും റബ്ബർ വില തകർന്നു തരിപ്പണമായി നിൽക്കുന്ന ഈ സമയത്തു, വാനിലകൃഷിയിലൂടെ വീണ്ടും ഭാഗ്യപരീക്ഷണം നടത്തുന്നതിൽ തെറ്റില്ല എന്നാണ് പലരും കരുതുന്നത്.