ഏയ്ഞ്ചൽവാലി, പമ്പാവാലി നിവാസികൾക്ക് പട്ടയം നൽ‍കണമെന്നാവശ്യപ്പെട്ട് ഇൻ‍ഫാം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഏയ്ഞ്ചൽവാലി, പമ്പാവാലി  നിവാസികൾക്ക് പട്ടയം നൽ‍കണമെന്നാവശ്യപ്പെട്ട് ഇൻ‍ഫാം മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കിപമ്പാവാലി: കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി തെക്ക് വില്ലേജില്‍പ്പെട്ട ഏയ്ഞ്ചൽവാലി, പമ്പാവാലി നിവാസികൾക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇൻ‍ഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഭാരവാഹികള്‍ നിവേദനം നല്‍കി.
ഗ്രോ മോർ‍ ഫുഡ് പദ്ധതി പ്രകാരം കൃഷി ആവശ്യത്തിലേക്ക് 502 ഹെക്ടർ‍ ഭൂമിയാണ് അന്നത്തെ സർ‍ക്കാർ‍ നല്‍കിയത്. അന്നു മുതൽ‍ 1300 കുടുംബങ്ങളാണ് ഇവിടെ ഉള്ളതെന്ന് നിവേദനത്തിൽ പറയുന്നു. 1982ൽ പെരിയാർ ടൈഗർ‍ റിസർ‍വ് രൂപീകരിക്കുന്നതിന് മുമ്പ് ജനവാസ മേഖല ജെണ്ട നിർ‍മിച്ചും ട്രഞ്ച് എടുത്തും വനവും റവന്യൂഭൂമിയുമായി വേർ‍തിരിച്ചു. 2016ൽ‍ യുഡിഎഫ് ഭരണകാലത്ത് സർ‍ക്കാർ ഉത്തരവിൽ‍ പട്ടയമേള സംഘടിപ്പിച്ച് 467 പേർ‍ക്ക് പട്ടയം വിതരണം ചെയ്തു. പട്ടയം ലഭിച്ചവർ‍ 2016 ൽ‍ കരവും അടച്ചു. എന്നാൽ‍, പിന്നീട് കരം അടയ്ക്കുവാൻ‍ കഴിഞ്ഞില്ല. തുടർ‍ന്ന് റവന്യൂ മന്ത്രിക്കും വനം മന്ത്രിക്കും കർ‍ഷകർ‍ നിവേദനം നൽ‍കിയിട്ടുണ്ട്.
കൃഷി മാത്രം ഉപജീവനമാർ‍ഗമാക്കിയ ഈ 1300 കുടുംബങ്ങൾ ഇപ്പോൾ‍ ഏറെ ബുദ്ധിമുട്ടിലാണ്. കുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ, ചികിത്സ ആവശ്യങ്ങൾ‍ നിർ‍വഹിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടിലാണ് ഈ കുടുംബങ്ങൾ. മാത്രമല്ല സർ‍ക്കാരിൽ‍ നിന്നു ലഭിക്കേണ്ട യാതൊരു അനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ‍ ഇവിടെയുള്ളത്. വസ്തു ബാങ്കുകളിൽ ഈടു നൽ‍കിയാൽ‍ വായ്പ ലഭിക്കില്ലെന്നു മാത്രമല്ല, വസ്തു വിൽ‍ക്കാൻ‍ കഴിയാത്ത ഗതികേടിലുമാണ് ഇവിടുത്തെ കർ‍ഷകർ‍.
മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇടപെട്ട് പട്ടയം ലഭിക്കുന്നതിനും കരം അടയ്ക്കുന്നതിനും ആവശ്യമായ നടപടികൾ‍ സ്വീകരിച്ച് ഇവിടുത്ത കർഷകരെ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷിക്കണമെന്ന് നിവേദനത്തിൽ‍ ആവശ്യപ്പെട്ടു. ഇൻ‍ഫാം കാഞ്ഞിരപ്പള്ളി കാർ‍ഷിക ജില്ല ഡയറക്ടർ‍ ഫാ. തോമസ് മറ്റമുണ്ടയിൽ‍, പ്രസിഡന്റ് അഡ്വ. എബ്രാഹം മാത്യു പന്തിരുവേലിൽ‍, ജോയിന്റ് സെക്രട്ടറി ഷാബോച്ചൻ‍ മുളങ്ങാശേരിൽ, എക്‌സിക്യൂട്ടീവ് മെംബർ‍ ജോസ് താഴത്തുപീടികയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.