IPL – ബാംഗ്ലൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് രണ്ടു രണ്സിന്റെ ത്രസിപ്പിക്കുന്ന വിജയം :- ഗെയ്ല്‍ വിജയ ശില്പി

gayle

ബാംഗ്ലൂര്‍: ക്രിസ് ഗെയ്‌ലിന്റെ താണ്ഡവം ബാംഗ്ലൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വിജയത്തുടക്കമേകി. കരുത്തുറ്റ നിരയുമായെത്തിയ മുംബൈ ഇന്ത്യന്‍സിനെ ഗെയ്‌ലിന്റെ തീപാറുന്ന ബാറ്റിങ്ങാണ് തളര്‍ത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 157 റണ്‍സ് പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 154 റണ്‍സില്‍ അവസാനിച്ചു. ആതിഥേയര്‍ക്ക് രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. 58 പന്തില്‍ പത്ത് ബൗണ്ടറിയും അഞ്ച് സിക്‌സറുമടക്കം 92 റണ്‍സെടുത്ത് ബാംഗ്ലൂരിന്റെ വിജയശില്പിയായ ക്രിസ് ഗെയ്‌ലാണ് കളിയിലെ കേമന്‍. സ്‌കോര്‍ : ബാംഗ്ലൂര്‍ 5ന് 156, മുംബൈ 5ന് 154.

മുന്‍നിരക്കാര്‍ ഒന്നൊന്നായി പരാജയപ്പെട്ടപ്പോഴും ക്രീസില്‍ ഉറച്ചുനിന്ന് അടിച്ചുതകര്‍ത്ത ഗെയ്‌ലിന്റെ പ്രകടനമാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിരാട് കോലി (24), അരുണ്‍ കാര്‍ത്തിക് (20 നോട്ടൗട്ട്) എന്നിവരായിരുന്നു ബാംഗ്ലൂരിന്റെ മറ്റ് സ്‌കോറര്‍മാര്‍.

മുംബൈയുടെ മറുപടി ബാറ്റിങ് ഇതിഹാസങ്ങളുടെ ചുമലിലേറിയായിരുന്നു. ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും (28) സച്ചിന്‍ തെണ്ടുല്‍ക്കറും (23) ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 52 റണ്‍സ് പിറന്നു. മൂന്നാമനായി ഇറങ്ങിയ ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിങ് മുംബൈയെ വിജയതീരത്തെത്തേക്കടുപ്പിച്ചു. ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ 17-ാം ഓവറിലാണ് കളി മുംബൈയുടെ വഴിയിലെത്തിയത്. തുടരെ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും നേടിയ കാര്‍ത്തിക് മുംബൈയുടെ ആശങ്കയകറ്റി. മുരളീധരന്‍ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തും കാര്‍ത്തിക് സിക്‌സറിന് പറത്തി. ഇതോടെ, മുംബൈ വിജയം മണത്തു.

എന്നാല്‍, അവസാന ഓവറുകളില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഉനദ്കട്ടും വിനയ് കുമാറും നാടകീയമായി മത്സരം റോയല്‍ ചാലഞ്ചേഴ്‌സിന് അനുകൂലമാക്കി. വിനയ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പത്ത് റണ്‍സാണ് മുംബൈയ്ക്ക് വേണ്ടിയിരുന്നത്. രണ്ടാം പന്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ (37 പന്തില്‍ 60, മൂന്ന് ബൗണ്ടറി, നാല് സിക്‌സര്‍) പുറത്താക്കി വിനയ് കുമാര്‍ വഴിത്തിരിവുണ്ടാക്കി. മൂന്നാം പന്തില്‍ അംബാട്ടി റായുഡുവിനെയും (18) ക്ലീന്‍ ബൗള്‍ഡാക്കി വിനയ് വീണ്ടും അത്ഭുതം കാട്ടി.

അവസാന രണ്ട് പന്തില്‍ എട്ട് റണ്‍സ്. ക്രീസില്‍ വമ്പനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡ്. അത് പിഴച്ചില്ല. അഞ്ചാം പന്തില്‍ ബൗണ്ടറി. അവസാന പന്തില്‍ വേണ്ടത് നാല് റണ്‍സ്. പൊള്ളാര്‍ഡിന്റെ അടിയില്‍ ലഭിച്ചത് സിംഗിള്‍ മാത്രം. ബാംഗ്ലൂരിന് രണ്ടുറണ്‍സ് ജയം.

കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഓപ്പണ്‍ ചെയ്ത ക്രിസ് ഗെയ്‌ലും തിലകരത്‌നെ ദില്‍ഷനും റണ്‍സെടുക്കാന്‍ വിഷമിച്ചതോടെ റോയല്‍സിന്റെ തുടക്കം പതുക്കെയായി. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ദില്‍ഷന്‍ (എട്ടുപന്തില്‍ 0) ക്ലീന്‍ ബൗള്‍ഡാകുമ്പോള്‍ മൂന്നു റണ്‍സ് മാത്രമേ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ.

പിന്നീടെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി അനായാസം ഷോട്ടുകളുതിര്‍ത്തു. ജോണ്‍സണെ ബൗണ്ടറിക്കും മുനാഫ് പട്ടേലിനെ സിക്‌സറിനും പറത്തിയ കോലി, അരങ്ങേറ്റ താരം ജസ്പ്രീത് ബുംറയെ തുടര്‍ച്ചയായി ബൗണ്ടറികളിലേക്ക് നാടുകടത്തി. എന്നാല്‍, തന്റെ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച കോലിയെ അഞ്ചാം പന്തില്‍ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 24 റണ്‍സാണ് കോലിയെടുത്തത്. അടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ(1) സച്ചിന്റെ കൈകളിലെത്തിച്ച് ബുംറ വീണ്ടും വിസ്മയം കാട്ടി.

സ്‌കോര്‍ബോര്‍ഡ്

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്: ഗെയ്ല്‍ നോട്ടൗട്ട് 92, ദില്‍ഷന്‍ ബി ജോണ്‍സണ്‍ 0, വിരാട് കോലി എല്‍ബിഡബ്ല്യു ബി ജസ്പ്രീത് ബുംറ 24, മായങ്ക് അഗര്‍വാള്‍ സി സചിന്‍ ബി ബുംറ 1, ഡാന്‍ ക്രിസ്റ്റിയന്‍ സി ജോണ്‍സണ്‍ ബി ഹര്‍ഭജന്‍ 4, കരുണ്‍ നായര്‍ എല്‍ബിഡബ്ല്യു ബി ബുംറ 0, അരുണ്‍ കാര്‍ത്തിക് നോട്ടൗട്ട് 20, എക്‌സ്ട്രാസ് 16, ആകെ 20 ഓവറില്‍ അഞ്ചിന് 156. വിക്കറ്റ് വീഴ്ച 1-3, 2-28, 3-31, 4-75, 5-80. ബൗളിങ്: മിചല്‍ ജോണ്‍സണ്‍ 3-0-15-1, മുനാഫ് പട്ടേല്‍ 4-0-40-0, ബുംറ 4-0-32-3, ഓറം 4-0-22-0, ഹര്‍ഭജന്‍ 4-0-21-1, പൊള്ളാര്‍ഡ് 1-0-15-0.

മുംബൈ ഇന്ത്യന്‍സ്: പോണ്ടിങ് സ്റ്റമ്പ്ഡ് അരുണ്‍ കാര്‍ത്തിക് ബി മുരളി കാര്‍ത്തിക് 28, സചിന്‍ റണ്ണൗട്ട് 23, ദിനേഷ് കാര്‍ത്തിക് സി മായങ്ക് ബി വിനയ് കുമാര്‍ 60, രോഹിത് ശര്‍മബി വിനയ് കുമാര്‍ 11, റായുഡു ബി വിനയ് കുമാര്‍ 18. പൊള്ളാര്‍ഡ് നോട്ടൗട്ട് 5, ഹര്‍ഭജന്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ അഞ്ചിന് 154. വിക്കറ്റ് വീഴ്ച: 1-52, 2-62, 3-86, 4-148, 5-148ബൗളിങ്: ഉനദ്കട്ട് 4-0-26-0, ക്രിസ്റ്റിയന്‍ 4-0-42-0, വിനയ് കുമാര്‍ 4-0-27-3, മുരളീധരന്‍ 4-0-30-0, മുരളി കാര്‍ത്തിക് 4-0-24-1.