മുണ്ടക്കയത്ത് ലഹരിക്കടിമയായ യുവാവ് അയൽവാസിയെ കല്ലെറിഞ്ഞു കൊന്നു; പ്രതി പിടിയിൽ..

മുണ്ടക്കയത്ത്   ലഹരിക്കടിമയായ യുവാവ് അയൽവാസിയെ കല്ലെറിഞ്ഞു കൊന്നു; പ്രതി പിടിയിൽ..

മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം ലഹരിക്കടിമയായ യുവാവ് അയൽവാസിയായ ചുമട്ടു തൊഴിലാളിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. മുണ്ടക്കയം ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് (സാബു 53) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ മുണ്ടക്കയം ചെളിക്കുഴി ലക്ഷം വീട് കോളനിക്ക് സമീപമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത്. സാബുവിനെ കൊലപ്പെടുത്തിയ കേസിൽ സാബുവിന്റെ അയൽവാസിയായ പുത്തൻപുരയ്ക്കൽ അഭിലാഷ് ( നാണപ്പൻ ബിജു – 37) നെ പോലീസ് അറസ്റ്റ് ചെയ്തു . .

ജോലി കഴിഞ്ഞ് മോട്ടർ സൈക്കിളിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സാബുവിനെ അക്രമിയായ യുവാവ് പുറകിൽ നിന്നും കല്ലെടുത്തു എറിയുകയായിരുന്നു. പരുക്കേറ്റു താഴെ വീണ സാബുവിന്റെ നെഞ്ചിൽ വലിയ പാറ കല്ല് എടുത്തിട്ട ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.

ബിജു ലഹിരിക്ക് അടിമയാണെന്നും നാട്ടുകാർക്ക് നേരെ ഇതിനു മുൻപും ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ഏറ് കൊണ്ട് ഗുരുതരമായി പരിക്കേറ്റ സാബുവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ.
.ഭാര്യ: ബിന്ദു മക്കൾ: അലീന, അനുമോൾ