ജനതാ കർഫ്യൂ തലേന്ന് കോവിഡ് ജാഗ്രത മറന്ന് ജനം റോഡിൽ തടിച്ചുകൂടി; പൊതുജനത്തിന്റെ വിവരമില്ലായ്മാ മൂലം വൈറസ് വ്യാപനം വർദ്ധിയ്ക്കുവാനും സാധ്യത ..

ജനതാ കർഫ്യൂ തലേന്ന് കോവിഡ് ജാഗ്രത മറന്ന് ജനം റോഡിൽ തടിച്ചുകൂടി;  പൊതുജനത്തിന്റെ വിവരമില്ലായ്മാ മൂലം വൈറസ് വ്യാപനം വർദ്ധിയ്ക്കുവാനും സാധ്യത ..


കാഞ്ഞിരപ്പള്ളി : കോവിഡ് ജാഗ്രതാ നിർദേശങ്ങൾ മറന്ന്​ ജനം സാധനങ്ങൾ വാങ്ങിക്കൂട്ടാനിറങ്ങിയത് ആശങ്ക പരത്തി. ഞായറാഴ്ചത്തെ ജനത കർഫ്യൂവിന് മുന്നോടിയായാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളി നഗരത്തിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾ വിവവേകരഹിതമായി വിവിധ കടകളിലും മറ്റും തടിച്ചുകൂടിയത്. ഇത്രയേറെ ബോധവത്കരണമുണ്ടായിട്ടും ജനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ പ്രകടമാവുന്നതായിരുന്നു പലയിടത്തെയും കാഴ്ചകൾ. എരുമേലയിലും, മുണ്ടക്കയത്തും , പൊൻകുന്നത്തും സ്ഥിതി ഒരേപോലെ തന്നെയായിരുന്നു. വൈകുന്നേരങ്ങളിലെ ബസ്സുകളിലും അമിതമായ തിരക്കാണ് അനുഭവപ്പെട്ടത് .

പക്ഷിപ്പനിയും, കൊറോണ ഭീതിയും മൂലം കോഴിവില അസാധാരണമായ നിലയിൽ താഴ്ന്നതോടെ ലാഭത്തിൽ കോഴിയെ വാങ്ങുവാൻ ജനം തിക്കിത്തിരക്കുന്ന കാഴ്ച ഏവരെയും അമ്പരപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരമേഖലയിൽ നിന്ന് വിട്ടുനിന്നവർ വിഷയത്തിൻെറ ഗൗരവം മറന്ന് പെരുമാറിയ കാഴ്ചയായിരുന്നു ശനിയാഴ്ച കണ്ടത്. സർക്കാറും നേതാക്കളും ജാഗ്രതാനിർദേശങ്ങൾ ആവർത്തിച്ചിട്ടും ജനം റോഡിലിറങ്ങിയ കാഴ്ച. ഭക്ഷ്യക്ഷാമമുണ്ടാവുമെന്ന് കരുതി സൂപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലും അസാധാരണ തിരക്കായിരുന്നു ശനിയാഴ്ച. ഹർത്താൽ തലേന്ന് ഉണ്ടാവാറുള്ള ആവേശമാണ് കച്ചവടകേന്ദ്രങ്ങളിൽ ശനിയാഴ്ച സന്ധ്യക്ക് അനുഭവപ്പെട്ടത്.

വിവേകരഹിതമായ പൊതുജങ്ങളുടെ ഇത്തരം പ്രവർത്തിമൂലം, കൊറോണ വൈറസിന്റെ വ്യാപനം കൂടുവാനാണ് സാധ്യത . കർഫ്യൂ ആയതിനാൽ വീട്ടിൽ ഒത്തുകൂടുന്ന കുടുംബാംഗങ്ങൾക്ക് കൂടി ഇത്തരം വിവരദോഷികൾ തങ്ങൾക്ക് വഴിയിൽ നിന്നും കിട്ടിയ വൈറസിനെ പങ്കുവച്ചേക്കുവാനും സാധ്യതയുണ്ട്. ആഴ്ചകളായി സർക്കാരും, ആരോഗ്യപ്രവർത്തകരും പോലീസും നടത്തിവന്നരുന്ന കൊറോണ പ്രതിരോധ പ്രവർത്തങ്ങൾ തകിടം മറിയുന്ന ദയനീയ കാഴ്ചക്കാണ് നാട് സാക്ഷ്യം വഹിച്ചത് .