പുഞ്ചവയലിൽ ജീപ്പപകടത്തിൽ നാലുവയസ്സുകാരി മരിച്ചു, 9 പേർക്ക് പരുക്ക് ; ഒരാളുടെ നില ഗുരുതരം.

പുഞ്ചവയലിൽ  ജീപ്പപകടത്തിൽ  നാലുവയസ്സുകാരി മരിച്ചു,  9 പേർക്ക്  പരുക്ക് ; ഒരാളുടെ നില ഗുരുതരം.

മുണ്ടക്കയം – നിയന്ത്രണം വിട്ട ജീപ്പ് മരത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ നാല് വയസുകാരി മരിച്ചു. വാഹന ഡ്രൈവർ ഉൾപ്പടെ ഒൻപത് പേർക്ക് പരുക്ക്.

പുഞ്ചവയൽ കൊച്ചുപുരക്കൽ ജോമോൻ മിനി ദമ്പതികളുടെ മകൾ മുണ്ടക്കയം സി.എം.എസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി എസ്തേർ അന്ന ജോമോൻ (4) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.10 ന് പുഞ്ചവയൽ 504 റോഡിൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം.

പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്നും വേദപാഠം കഴിഞ്ഞ് പോയ കുട്ടികളാണ് അപകടത്തിൽപെട്ടത്. തടത്തിൽ ജോസുകുട്ടി ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

സംഭവം കണ്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും എസ്തേർ വഴി മദ്ധ്യേ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ജോസുകുട്ടി, തടത്തിൽ സെബാസ്റ്റ്യൻ്റെ മകൻ ഡിയോൺ(9) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലും തടത്തിൽ ജെറിൻ(7), ഡാരിയോൺ(7) എന്നിവരെ അപകടനില തരണം ചെയ്തതിനെ തുടർന്ന് ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോശാക്കൽ റോയിയുടെ മക്കളായ ആൻട്രിയ (08), അലീറ്റ് (14),കൊച്ചെൻച്ചേരിൽ കുഞ്ഞുമോന്റെ മക്കളായ എലിസബത്ത് (12) ഡോണ (10), വടക്കേൽ അപ്പച്ചന്റെ മകൾ എൽസ (14) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വേദപഠന ക്ലാസ് കഴിഞ്ഞ് എല്ലാ ആഴ്ചകളിലും ജോസുകുട്ടി ജീപ്പിൽ തന്റെ കുട്ടിയേയും സഹോദരന്റെ കുട്ടികളേയും അയൽപക്കത്തുള്ള കുട്ടികളേയും കൂട്ടി വരുന്നത് പതിവായിരുന്നു. എസ്തേറിന്റെ സംസ്ക്കാരം തിങ്കളാഴ്ച 12.30ന് പുഞ്ചവയൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരങ്ങൾ ഏബേൽ, ഏദൾ.