ആ ചിത്രശലഭം കാണാമറയത്ത് പറന്നോട്ടെ .. ജെസ്‌ന ദുരന്തനായികയല്ലന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിൽ ഒരു നാട്..

ആ ചിത്രശലഭം കാണാമറയത്ത് പറന്നോട്ടെ .. ജെസ്‌ന ദുരന്തനായികയല്ലന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിൽ ഒരു നാട്..

മുക്കൂട്ടുതറ : ” ആ പെൺകുട്ടി കാണാമറയത്ത് എവിടെയെങ്കിലും ജീവിച്ചോട്ടെ .. ദുരന്തത്തിലൊന്നും പെടാതിരുന്നാൽ മതി..” . മുക്കൂട്ടുതറയിൽ നിന്നും മാർച്ച് 22ന് എങ്ങോട്ടോ മറഞ്ഞുപോയ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥിനി ജെസ്‌നയോടു സാമ്യമായുള്ള ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ജെസ്‌നയുടെ ബന്ധുക്കളും , സുഹൃത്തുക്കളും നാട്ടുകാരും ആ വാർത്ത സത്യമാവരുതേ എന്ന പ്രാർത്ഥയിൽ ഇന്നലെ രാത്രി കഴിച്ചികൂട്ടി. ഇന്ന് രാവിലെയായപ്പോഴേക്കും ചെന്നൈയിൽ നിന്നും ആ ആശ്വാസ വാർത്തയെത്തി .. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ല.. ചെന്നൈ സ്വദേശി പൊക്കിഷാ (29) എന്ന് പേരുള്ള ഒരു സ്ത്രീയുടേതാണ് . അതോടെ നാട് ആശ്വാസത്തിലായി.. കണ്ടുപിടിക്കുവാൻ സാധിച്ചില്ലെങ്കിലും ആ പെൺകുട്ടി എവിടെയെങ്കിലും സുഖമായി ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാൽ മാത്രം മതി എന്നാണ് പലരും ആ വാർത്തയോട് പ്രതികരിച്ചത്.

ജെസ്‌നയോട് സാമ്യമുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തമിഴ്നാട്ടിൽ കണ്ടെത്തി എന്ന വാർത്തയറിഞ്ഞു ജെ​​​സ്ന തി​​​രോ​​​ധാ​​​ന​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നു. തി​​​രു​​​വ​​​ല്ല പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ വി​​​നോ​​​ദ് കു​​​മാ​​​റും സം​​​ഘ​​​വു​​​മാ​​​ണ് വെള്ളിയാഴ്ച രാ​​​ത്രി ചെ​​​ങ്ക​​​ൽ​​​പ്പേ​​​ട്ടിലെ​​​ത്തി​​​യ​​​ത്.​ ജെസ്‌നയുടെ സഹോദരനും സംഘത്തിൽ ഉണ്ടായിരുന്നു. ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

പോലീസും ഡോക്ടർമാരും ജെസ്‌നയുടെ സഹോദരനും നടത്തിയ കൂട്ടായ പരിശോധയിൽ അവിടെ കണ്ട മൃതദേഹം ജെസ്‌ന അല്ലന്നു ഉറപ്പിച്ച തെളിവുകൾ ഇവയാണ് : പല്ലിൽ കെട്ടിയ കന്പി ജെസ്നയുടേത് പോലെയല്ല, പുരികത്തിന്റെ രൂപത്തിലും വ്യത്യാസമുണ്ട്. അവിടെ കണ്ട ദേഹത്തിന്റെ പുരികങ്ങൾ രണ്ടു കൂട്ടിമുട്ടിയാണ് കാണപ്പെട്ടത്. മൃതദേഹത്തിൽ മുക്കൂത്തിയുണ്ട്. അതും സ്ഥിരമായി ഉപയോഗിക്കുന്നത് . ജെസ്‌ന മുക്കൂത്തി ഉപയോഗിക്കാറില്ല . ജെസ്‌നയുടെ പ്രായം 20 വയസ്സ്. അവിടെ കണ്ട സ്ത്രീയുടെ പ്രായം ഏകദേശം 28 വയസ്സ് തോന്നിക്കും. അവിടെ കണ്ട സ്ത്രീയുടെ വിശദമായ ശാരീരിക പരിശോധനയിൽ ആ സ്ത്രീ പ്രസവിച്ചതും കുഞ്ഞിന് മുലയൂട്ടിയിട്ടുള്ളതുമാണ് എന്നും മെഡിക്കൽ സംഘം വിലയിരുത്തി.

ഇങ്ങനെയുള്ള നിരീക്ഷണങ്ങളാൽ അത് ജെസ്‌ന അല്ലെന്നു പോലീസ് തീർച്ചപ്പെടുത്തി. പിന്നീട് നടന്ന അന്വേഷണത്തിൽ തമിഴ്‌നാട് പോലീസ് മരണപ്പെട്ട സ്ത്രീ ചെന്നൈ സ്വദേശി പൊക്കിഷാ എന്ന് പേരുള്ള സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു.

ജെസ്‌ന എങ്ങോട്ടോ മറഞ്ഞിട്ടു 72 ദിവസങ്ങൾ കഴിഞ്ഞു . എരുമേലിക്കടുത്ത് കൊല്ലമുളയിൽനിന്നാണ് ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയത്തിനു സമീപം കണ്ണിമല വഴി ബസിൽ ജെസ്ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. പിന്നീടാരും ജെസ്‌നയെ കണ്ടിട്ടില്ല.
സംസ്ഥാനത്തിനകത്തും പുറത്തും ഇത്രയും കാലം നടത്തിയ അന്വേഷണത്തിൽ ജെസ്നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.
മെയ് 8 നു ബാഗ്ലൂരിൽ നിന്നും ജെസ്‌നയെ കണ്ടെത്തി എന്നൊരു വാർത്ത വന്നിരുന്നവെകിലും പോലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ ഒന്നും അവിടെ നിന്നും കണ്ടെത്തുവാനായില്ല. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നീടത് അഞ്ചു ലക്ഷമാക്കി. നിലവിൽ അന്വേഷണ ചുമതല ഐജി മനോജ് ഏബ്രഹാമിനാണ്.

എന്തായാലും ഈ പുകിലൊക്കെ കണ്ടുകൊണ്ടു ജെസ്‌ന കാണാമറയത്ത് എവിടെയോ ഉണ്ട് എന്ന് തന്നെയാണ് ജെസ്‌നയുടെ ബന്ധുക്കളും, സുഹൃത്തുക്കളും നാട്ടുകാരും ഉറച്ചു വിശ്വസിക്കുന്നത്.. ആ വിശ്വാസം സത്യമാകട്ടെ ..ആ ചിത്രശലഭം കാണാമറയത്ത് എവിടെയെങ്കിലും പറന്നുല്ലസിച്ചോട്ടെ. ..