ജസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന.

ദുരൂഹസാഹചര്യത്തില്‍ മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന ചെന്നൈയില്‍ എത്തിയിരുന്നെന്ന് സൂചന. കാണാതായി മൂന്നാംദിവസം അയനാപുരത്ത് ജസ്നയെ കണ്ടതായി പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽ നിന്നു ജസ്ന ഫോൺ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.

മാര്ച്ച് 26ന് കടയിലെത്തി വഴിചോദിച്ച് ഫോൺ ചെയ്യുകയായിരുന്നു പെൺകുട്ടിയെന്നാണ് സമീപവാസിയായി മലയാളി അലക്സി പറയുന്നത്. വൈകുന്നേരം 7.45നും 8നും ഇടയിലാണ് പെൺകുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോൾ ഫോൺ ചെയ്ത് റിസീവർ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങൾ വാങ്ങി ഞാൻ തിരിച്ചുപോയി. കമ്മൽ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാൽ പെൺകുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാർത്ത നോക്കുമ്പോഴാണ് ജസ്നയുടെ സംഭവം ശ്രദ്ധയിൽ പെടുന്നത്. മൊബൈൽ ഫോണുപോലും എടുക്കാതെ ഒരു പെൺകുട്ടി എന്നോർത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓർമവന്നത്. തിരിച്ച് കടയിലെത്തി കടക്കാരന് ജസ്നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ തിരിച്ചറിയുകയും ചെയ്തു

മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് തന്നെ എരുമേലി പോലീസിൽ വിവരം നൽകി. 27 ാം തിയ്യതി ഉച്ചയോടെ എരുമേലി പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. കടക്കാരനും പെൺകുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പിന്നീട് ഞാനും സുഹൃത്തുക്കളും ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പെരിയാർ നഗർ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്ന് കടയുടമയും ഒരു മാധ്യമ പ്രതിനിധിയോട് പറഞ്ഞു. പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവർ വിവരം നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.