ഇനിയും കഥ മെനയരുത്, ആരും സഹായിക്കാൻ വരേണ്ട: ജെസ്നയുടെ സഹോദരി

എരുമേലി ∙ കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച്‌ അപവാദ പ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി സഹോദരി. ജെസ്നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവർ അതില്‍നിന്നു പിന്മാറണമെന്നു സഹോദരി ജെസി സമൂഹമാധ്യമത്തിലെ വിഡിയോയിൽ അഭ്യർഥിച്ചു.

Posted by Jais John James on Friday, June 8, 2018

‘അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തു പലരും കഥകള്‍ മെനയുകയാണ്. വസ്തുത അന്വേഷിക്കാന്‍ തയാറാകുന്നില്ല. പപ്പയെക്കുറിച്ചു മോശമായ പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പപ്പയെ പൂര്‍ണവിശ്വാസമാണ്. അമ്മ മരിച്ച ശേഷം കരുതലോടെയാണു പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജെസ്‌ന തിരിച്ചുവരുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്’– ജെസി പറയുന്നു. സഹായിക്കാന്‍ ആരും ഇനി വീട്ടിലേക്കു വരേണ്ടതില്ല. കുടുംബത്തെ തളര്‍ത്തുന്ന വിധത്തിലുള്ള ആരോപണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും ജെസി അഭ്യർഥിച്ചു.
അതിനിടെ, ജെസ്നയ്ക്കായുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിൽ വിവരശേഖരണ പെട്ടി സ്ഥാപിക്കുകയാണു പൊലീസ്. ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വയ്ക്കുന്നത്. തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടിൽ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം ജെസ്നയ്ക്കായി ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വനമേഖലകളിൽ പൊലീസ് സംഘമായി തിരച്ചിൽ നടത്തിയിരുന്നു. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമൺ, പൊന്തൻപുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിൽ 125 പൊലീസുകാർ 10 സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.