കാണാതായിട്ട് 25 ദിവസങ്ങൾ, ജെസ്‌നാ നീയെവിടെ ..?

കാണാതായിട്ട് 25 ദിവസങ്ങൾ, ജെസ്‌നാ നീയെവിടെ ..?

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌നയെ കാണാതെയായിട്ടു ഇന്ന് 25 ദിവസങ്ങൾ പൂർത്തിയായി..എത്തും പിടിയും കിട്ടാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു.. മുന്നോട്ടുള്ള അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ജെസ്‌നയുടെ സഹപാഠികൾ ജെസ്‌നയെ കണ്ടെത്തുവാനുള്ള അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്ന് ആവശ്യപ്പെട്ടു കോളേജ് പരിസരത്തു മനുഷ്യ ചങ്ങലയും ഒപ്പുശേഖരണവും നടത്തി. എസ്.എഫ്.ഐ സെന്റ് ഡോമിനിക്ക്സ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരപരിപാടി സംഘടിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ കോളേജ് കവാടത്തിന് മുന്നില്‍ തീര്‍ത്ത മനുഷ്യചങ്ങലയിൽ കോളേജിലെ വിദ്യാർത്ഥികൾ എല്ലാവരും തന്നെ പങ്കെടുത്തു. തുടര്‍ന്ന ജസ്റ്റിസ് ഫോര്‍ ജസ്ന എന്ന ബാനറില്‍ എല്ലാവരും ഒപ്പുവച്ചു. ഇതിനൊപ്പം തന്നെ ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നിവേദനം തയ്യാറാക്കി, എല്ലാവരും ഒപ്പുകൾ ചാർത്തി.

ഇരുപത്തിയഞ്ചു ദിവസമായി ആ പെൺകുട്ടിയെ കാണാതായിട്ട്… അവൾ എവിടെ? കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു. അതിനാൽ തന്നെ സഹപാഠികൾക്ക് അവളുടെ തിരോധാനം ഒരു സമസ്യയാണ് .. അധികം വൈകാതെ എല്ലാവരെയും വിസ്മയിപ്പിച്ച് പ്രസന്നവദയായി അവൾ തിരിച്ചെത്തുമെന്ന് സഹപാഠികൾ ഉറച്ചു വിശ്വസിക്കുന്നു.

മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെയാണ് (20) കഴിഞ്ഞ 22ന് രാവിലെ 9.30 മുതല്‍ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ജെസ്‌നയെ വല്ലാതെ തളർത്തിയിരുന്നു. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകര്‍ന്ന വിഷാദ ചിന്തയും ഒഴിച്ചാല്‍ ജസ്നയെ മറ്റു പ്രയാസങ്ങള്‍ അലട്ടിയിരുന്നില്ലന്ന് ബന്ധുക്കള്‍ പറയു ന്നു .

ബാങ്ക് അക്കൗണ്ടിന്റ്‌റെ എടിഎം കാര്‍ഡ് പോലും ജസ്ന ഉപയോഗിക്കാറില്ല. പഴയ നോക്കിയ 1100 മോഡല്‍ മൊബൈല്‍ ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ആ ഫോൺ വീട്ടിൽ വച്ചിട്ടാണ് ജെസ്‌ന പോയത്. പഠനത്തിന്റ്‌റെ ആവശ്യത്തിന് കോളേജില്‍ നല്‍കാന്‍ ഇ മെയില്‍ ഐ ഡി കൂട്ടുകാരികളാണ് നല്‍കിയത്. ഏതാനും ടൂര്‍ യാത്രകളല്ലാതെ നടത്തിയിട്ടില്ല. കാഞ്ഞിരപ്പള്ളിയില്‍ കോളേജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേക്കുളള യാത്രയുമല്ലാതെ ബാഹ്യലോകവുമായി സമ്പര്‍ക്കത്തിന് ജസ്ന താല്‍പ്പര്യം കാട്ടി യിരുന്നില്ല.

അവളുടെ ഫോണിലോ, കാൾ ലിസ്റ്റിലോ അസ്വാഭാവികമായി ഒന്നും ഇല്ല, സ്വന്തം ഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് അവൾ പോയത്.. മുൻപോട്ടു അന്വേഷിക്കുവാനുള്ള ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പലരും അപവാദങ്ങൾ പറഞ്ഞു പരത്തുന്നുണ്ടെകിലും, ഒന്നും തന്നെ വിശ്വസനീയമല്ല.