ജില്ലാ പഞ്ചായത്തിന് 42.57 കോടിയുടെ വാര്‍ഷിക പദ്ധതി

ജില്ലാ പഞ്ചായത്തിന് 42.57 കോടിയുടെ വാര്‍ഷിക പദ്ധതി

കോട്ടയം ജില്ലാ പഞ്ചായത്തിന് 2020-21 വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെ 42,57,49,000 രൂപയുടെ പദ്ധതികള്‍. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗത്തില്‍ പൊതു പദ്ധതികളും ഡിവിഷന്‍ വിഹിതവും സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. സ്തനാര്‍ബുദ നിര്‍ണയത്തിനായി പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള 2.30 കോടി രൂപയുടെ മാമോഗ്രാം യൂണിറ്റ് കോട്ടയം ജനറല്‍ ആശുപത്രിയിലാണ് സ്ഥാപിക്കുക. വനിതാഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് സ്ഥാപിക്കുന്നത്.

ക്യാന്‍സര്‍ വിമുക്ത കോട്ടയം ലക്ഷ്യമിട്ട് 1.75 കോടി രൂപയുടെ ക്യാന്‍ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതി നടപ്പാക്കും. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ക്യാന്‍സര്‍ രോഗികള്‍ക്ക് മികച്ച ചികിത്സ, ബോധവത്ക്കരണം, ക്യാന്‍സര്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 20 ലക്ഷം രൂപയുടെ സുജലം പദ്ധതി നടപ്പാക്കും. നെല്‍കൃഷിയുടെ വ്യാപനത്തോടൊപ്പം നീര്‍ച്ചാലുകളുടെയും തോടുകളുടെയും സംരക്ഷണവുമാണ് ലക്ഷ്യം .

വയോമിത്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ഏബിള്‍ കോട്ടയം വിജയോത്സവത്തിനും ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി 8.51 കോടിയും ക്ലീന്‍ കോട്ടയം -ഗ്രീന്‍ കോട്ടയം പദ്ധതിയ്ക്ക് 1.70 കോടിയും ചെലവിടും. 

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതിയ്ക്കായി 20 ലക്ഷവും ഭിന്നശേഷിക്കുള്ള മുച്ചക്രവാഹനവിതരണത്തിനായി 47.85 ലക്ഷവും വകയിരുത്തി.

അങ്കണവാടികളില്‍ പോഷകാഹാര വിതരണത്തിന് 25 ലക്ഷം, അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 44 ലക്ഷം, കാര്‍ഷികമേഖലയില്‍ വിത്തും നടീല്‍ വസ്തുക്കളും നല്‍കുന്നതിന് 25 ലക്ഷം, മുട്ടക്കോഴി വളര്‍ത്തലിനും മത്സ്യക്കൃഷി പ്രോത്സാഹനത്തിനുമായി 35 ലക്ഷം രൂപയുടെ പദ്ധതികളും ഉള്‍പ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, ബെറ്റി റോയ് മണിയങ്ങാട്ട്, അഡ്വ.സണ്ണി പാമ്പാടി, അഡ്വ.കെ.കെ രഞ്ജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.